തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരായി ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ യു.ഡി.എഫ് തീർത്ത മനുഷ്യഭൂപടത്തിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്നു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്ത്യയുടെ മാതൃകാഭൂപടം തീർത്ത് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുകയായിരുന്നു. ഗാന്ധിജിക്ക് വെടിയേറ്റ സമയമായ വൈകിട്ട് 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് ഒരുമയുടെ ഭൂപടം തീർത്തത്. മുകളിൽ കുങ്കുമം, നടുക്ക് വെള്ള, താഴെ പച്ച നിറത്തിലുള്ള തൊപ്പികളണിഞ്ഞ് കൈകളിൽ ദേശീയപതാകയേന്തിയാണ് പ്രവർത്തകർ അണിനിരന്നത്.
പുത്തരിക്കണ്ടം മൈതാനത്ത് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ നേതൃത്വത്തിലാണ് ഭൂപടം ഒരുങ്ങിയത്. യു.ഡി.എഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.പി മാരായ കെ.മുരളീധരൻ, ശശി തരൂർ, അടൂർ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ ലോംഗ് മാർച്ചാണ് നടന്നത്. കൊല്ലത്ത് വി.എം.സുധീരൻ, ജി. ദേവരാജൻ, ആലപ്പുഴയിൽ എം.എം.ഹസ്സൻ, ജോണി നെല്ലൂർ, പത്തനംതിട്ടയിൽ ഷിബു ബേബിജോൺ, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഇടുക്കിയിൽ പി.ജെ.ജോസഫ്, എറണാകുളത്ത് ബെന്നി ബഹനാൻ, പി.പി.തങ്കച്ചൻ, തൃശ്ശൂരിൽ ഡോ.എം.കെ.മുനീർ, പാലക്കാട്ട് കെ.ശങ്കരനാരായണൻ, ജോൺ ജോൺ, മലപ്പുറത്ത് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, കണ്ണൂരിൽ രമേശ് ചെന്നിത്തല, കാസർകോട്ട് യു.കെ.ഖാദർ എന്നിവർ നേതൃത്വം നൽകി. മുൻ മന്ത്രി എം.കമലത്തിന്റെ വിയോഗം മൂലം കോഴിക്കോട്ട് പരിപാടി നടന്നില്ല.