adalath-1

തിരുവനന്തപുരം: നഗരവാസികളുടെ പരാതികൾക്ക് പരിഹാരം കാണാനായി സംഘടിപ്പിച്ച അദാലത്ത് നഗരസഭാ കൗൺസിൽ ഹാളിൽ നടന്നു. മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കെട്ടിട നിർമ്മാണ അനുമതി, ഒക്യുപെൻസി, റവന്യൂ, ഹെൽത്ത് വിഭാഗങ്ങളിലെ പരാതികളാണ് പ്രധാനമായും അദാലത്തിൽ പരിഗണിച്ചത്. 25ാം തീയതി വരെ ലഭിച്ച 273 പരാതികളിലെ 254 അപേക്ഷകർ അദാലത്തിൽ പങ്കെടുത്തു. ടൗൺ പ്ലാനിംഗ് വിഭാഗവുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ ഏറ്റവുമധികം എത്തിയത്. ഈ അപേക്ഷകളിൽ 138 എണ്ണത്തിന്
ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകുന്നതിനും 41 എണ്ണത്തിന് പെർമിറ്റ് നൽകുന്നതിനും തീരുമാനിച്ചു. കൂടാതെ സർക്കാരിലേക്ക് 14 എണ്ണവും ആർ.ടി.പി - 17, എൽ.എൽ.എം.സി - 16, സി.ആർ.ഇസ്ഡ് - 9, കെ.എസ്.ഇ.ബി - 2, ആർക്കിയോളജി - 3 എന്നീ ക്രമത്തിൽ കൺസെന്റിന് അയയ്ക്കുന്നതിനും തീരുമാനമായി. 14 പരാതികൾ വിശദമായ സ്ഥലപരിശോധന നടത്തി തീരുമാനം എടുക്കുന്നതിനായി മാറ്റി.

മേയറുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും നേതൃത്വത്തിൽ അഞ്ച് കൗണ്ടറുകളിലായി ഓരോ പരാതിക്കാരനെയും പ്രത്യേകമായി കേട്ടാണ് പരാതികൾ പരിഗണിച്ചത്.
രാവിലെ 10.30 ന് ആരംഭിച്ച അദാലത്ത് വൈകിട്ട് 4.30 നാണ് അവസാനിച്ചത്. മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് പുറമേ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വഞ്ചിയൂർ പി. ബാബു, എസ്.എസ്. സിന്ധു, ഐ.പി. ബിനു, എസ്. പുഷ്പലത, സി. സുദർശൻ എന്നിവർ നേതൃത്വം നൽകി. നഗരസഭ സെക്രട്ടറി എൽ.എസ്.ദീപ, ഡെപ്യൂട്ടി സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനിയർ, ഹെൽത്ത് ഓഫീസർ, റവന്യൂ ഓഫീസർ, കൗൺസിൽ സെക്രട്ടറി, എക്‌സിക്യുട്ടീവ് എൻജിനിയർമാർ, മറ്റ് വിവിധ സെക്ഷനുകളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.