photo

നെടുമങ്ങാട് : പതിറ്റാണ്ടുകളായി പശുവളർത്തലിലൂടെ ഉപജീവനം നയിക്കുന്ന ക്ഷീര കർഷക ദമ്പതികളുടെ പങ്കാളിത്തം 'കൗമുദീയം 2020'നെ ശ്രദ്ധേയമാക്കി. കേരളകൗമുദി നെടുമങ്ങാട്ട് സംഘടിപ്പിച്ച ക്ഷീരകർഷക കൂട്ടായ്മയിൽ ജില്ലയിലെ പ്രധാന ക്ഷീരോത്പാദക സംഘങ്ങൾ തിരഞ്ഞെടുത്ത നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. 25 കർഷക ദമ്പതികളാണ് അനുഭവങ്ങൾ പങ്കുവച്ചത്. എന്തു നഷ്ടം വന്നാലും പശുവളർത്തൽ കൈവിടില്ലെന്ന് പ്രവാസി കർഷക ദമ്പതികളായ നെല്ലനാട് സലീം-സലീന, നന്ദിയോട് സ്വദേശികളായ രാജേന്ദ്രൻ നായർ-പ്രിയ എന്നിവർ പ്രഖ്യാപിച്ചു. ആനകുളം ഗീത, യുവ കർഷക ചെല്ലഞ്ചി ജയലക്ഷ്മി, ആനാട് മണികണ്ഠൻ, ആട്ടുകാൽ ക്ഷീര സംഘം പ്രസിഡന്റ് സദാശിവൻ നായർ, കർഷകൻ നവനീത കുമാരൻ തുടങ്ങിയവർ ചർച്ചാവേദിയെ സജീവമാക്കി. സംയോജിത കൃഷി പ്രോത്സാഹനം വേണമെന്നും മരുന്നുകളും മറ്റും യഥാസമയം ലഭ്യമാക്കണമെന്നും ഗ്രാമപഞ്ചായത്തുകൾ കൂടുതൽ പദ്ധതികൾ നടപ്പിലാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. മികച്ച കർഷകരെയും ക്ഷീരസംഘം ഭാരവാഹികളെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും ആദരിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്‌ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് നെടുമങ്ങാട് ക്ഷീരവികസന ഓഫീസർ ബിജു വാസുദേവൻ, സീനിയർ വെറ്ററിനറി സർജൻ പി. അനിൽകുമാർ എന്നിവർ കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ആനാട് കൃഷിഓഫീസർ എസ്. ജയകുമാർ മോഡറേറ്ററായി. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ബ്ലോക്ക് പ്രസിഡന്റ് ബി. ബിജു, ജില്ലാപഞ്ചായത്തംഗം ആനാട് ജയൻ, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, വാർഡ് കൗൺസിലർ ടി.അർജുനൻ, വിവിധ ക്ഷീരോത്പാദക സംഘം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. നന്ദിയോട് 'ഗ്രാമമൃതം' കോ-ഓർഡിനേറ്റർ ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള കാർഷിക ടീമംഗങ്ങൾ നാടൻ വിഭവങ്ങൾ വിളമ്പിയാണ് ക്ഷീര കർഷക കൂട്ടായ്മയ്ക്ക് സമാപ്തിയായത്.