കാട്ടാക്കട: കാട്ടാക്കടയിൽ അതിജീവിക പദ്ധതിയിലൂടെ ധനസഹായം ലഭിക്കുന്നതായി വ്യാജ പ്രചാരണം നടത്തിയതായി പരാതി. ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും എന്ന തരത്തിലായിരുന്നു പ്രചാരണം. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളുടെ മുൻപിലും പോസ്റ്റ് ഓഫീസുകൾക്ക് മുൻപിലും നീണ്ട നിരയുണ്ടായി. പൊലീസ് ഇടപെട്ടാണ് പലരേയും തിരികെ അയച്ചത്.അതിജീവിക പദ്ധതിപ്രകാരം 50,000രൂപ ലഭിക്കാനായാണ് ആളുകൾ വ്യാജ പ്രചാരണം കേട്ട് അപേക്ഷ നൽകാനെത്തിയത്.രാവിലെ നൂറുകണക്കിന് ആളുകളാണ് വിവിധ കേന്ദ്രങ്ങളിൽ എത്തിയത്. അപേക്ഷിക്കാനെത്തിയവർ സംശയം തീർക്കാനായി താലൂക്ക് ഓഫീസറെയും സമീപിച്ചു. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായുള്ള ഒറ്റത്തവണ പദ്ധതിയാണ് ഉണ്ടായിരുന്നതെന്നും അതിന്റെ കാലാവധി ഡിസംബർ 31 അവസാനിച്ചിരുന്നതായും അധികൃതർ അറിയിച്ചു. അതേ സമയം ഇത്തരം വ്യാജ പ്രചാരണത്തിന്റെ ഉറവിടം അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.