novak-
novak

സെമിഫൈനലിൽ റോജർ ഫെഡററെ തോൽപ്പിച്ച്

നൊവാക്ക് ജോക്കോവിച്ച് ആസ്ട്രേലിയൻ

ഒാപ്പൺ ഫൈനലിൽ

7-6 (7/1), 6-4, 6-3

മെൽബൺ : എതിരാളിയുടെ വലിപ്പമേറുമ്പോഴാണ് വിജയത്തിന് തിളക്കം കൂടുകയെന്ന് പറയാറുണ്ട്. അങ്ങനെയെങ്കിൽ തന്റെ കരിയറിലെ ഏറ്റവും തിളക്കമേറിയ ഒരു വിജയത്തോടെയാണ് ഇന്നലെ സെർബിയക്കാരൻ നൊവാക്ക് ജോക്കോവിച്ച് ആസ്ട്രേലിയൻ ഒാപ്പൺ ടെന്നിസിന്റെ പുരുഷ സിംഗിൾസ് ഫൈനലിലേക്ക് പ്രവേശിച്ചത്.

സമകാലീന ടെന്നിസിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളുടെ പോരാട്ടം കണ്ട മത്സരത്തിൽ ഇന്നലെ നൊവാക് കീഴടക്കിയത് സൗന്ദര്യാത്മക ടെന്നിസിന്റെ രാജാവായ റോജർ ഫെഡററെയാണ്. രണ്ടുമണിക്കൂർ 18 മിനിട്ട് നീണ്ട മത്സരത്തിൽ 7-6 (7/1), 6-4, 6-3 എന്ന സ്കോറിനായിരുന്നു നൊവാക്കിന്റെ വിജയം. ആദ്യസെറ്റിലൊഴികെ ഫെഡറർക്ക് തന്റെ പതിവ് മികവ് പുറത്തെടുക്കാനാകാതെ വന്നതോടെയാണ് സെർബിയൻ താരത്തിന് മുന്നിൽ ഫൈനലിലേക്കുള്ള വാതിൽ തുറന്നത്.

ഇന്ന് ആസ്ട്രിയൻ താരം ഡൊമിനിക് തീമും ജർമ്മൻ താരം അലക്സാണ്ടർ സ്വെരേവും തമ്മിൽ നടക്കുന്ന രണ്ടാംസെമി ഫൈനലിലെ വിജയിയെയാണ് ഞായറാഴ്ചത്തെ ഫൈനലിൽ നൊവാക്ക് നേരിടേണ്ടത്.

പ്രീക്വാർട്ടർ ഫൈനലിലും ക്വാർട്ടർ ഫൈനലിലും യുവതാരങ്ങളിൽ നിന്ന് നേരിട്ട കനത്ത വെല്ലുവിളിയെ തന്റെ അനുഭവ പരിചയംകൊണ്ട് തടുത്തുനിറുത്തി മുന്നേറിയ ഫെഡറർക്ക് സെമിയിൽ നൊവാക്കിന്റെ കരുത്തുറ്റ ചുവടുകൾക്കുമുന്നിൽ അടിതെറ്റുകയായിരുന്നു. ക്വാർട്ടറിൽ അമേരിക്കൻ താരം സാൻഡ് ഗ്രെനിനെതിരെ ഏഴ് മാച്ച് പോയിന്റുകൾ സേവ് ചെയ്തിരുന്ന ഫെഡറർ ഇന്നലെ നിരന്തരം പിഴവുകൾ വരുത്തുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഫെഡറർക്ക് പിന്നീടാണ് പിടിവിട്ടത്. 4-1 എന്ന നിലയിൽ ആദ്യസെറ്റിൽ ലീഡ് ചെയ്തിരുന്ന ഫെഡററെ തുടർന്ന് തുടർച്ചയായി ബ്രേക്ക് ചെയ്ത നൊവാക്ക് ടൈബ്രേക്കറിലൂടെ സെറ്റ് സ്വന്തമാക്കിയപ്പോൾ കളിയുടെ ഗതി കുറിക്കപ്പെടുകയായിരുന്നു.

50

ഫെഡററും നൊവാക്കും തമ്മിലുള്ള 50-ാമത് മത്സരമായിരുന്നു സെമിയിൽ. ഫെഡറർക്കെതിരെ നൊവാക്ക് നേടുന്ന 27-ാമത്തെ വിജയവും.

11

ഗ്രാൻസ്ളാമുകളിൽ ഫെഡറർക്കെതിരെ നൊവാക്ക് നേടുന്നത് പതിനൊന്നാമത്തെ വിജയം. ആറ് മത്സരങ്ങളിൽ മാത്രമാണ് ഫെഡറർക്ക് ജയിക്കാനായത്.

2012

നുശേഷം നടന്ന ഒരു ഗ്രാൻസ്ളാം ടൂർണമെന്റിലും നൊവാക്കിനെ തോൽപ്പിക്കാൻ ഫെഡറർക്ക് കഴിഞ്ഞിട്ടില്ല.

35

അൺഫോഴ്സ്ഡ് എററുകളാണ് ഫെഡറർ ഇന്നലെ വരുത്തിയത്.

8

മെൽബണിൽ തന്റെ എട്ടാം കിരീടം തേടിയാണ് നൊവാക്ക് ഞായറാഴ്ച ഫൈനലിന് ഇറങ്ങുന്നത്. ഏറ്റവും കൂടുതൽ തവണ ആസ്ട്രേലിയൻ ഒാപ്പൺ നേടിയ റെക്കാഡ് നൊവാക്കിന്റെ പേരിലാണ് ഫെഡറർ ആറ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

16

ഗ്രാൻസ്ളാം കിരീടങ്ങൾക്ക് ഉടമയാണ് നൊവാക്ക്.

20

ഗ്രാൻസ്ളാം കിരീടങ്ങളുമായി ആൾ ടൈം റെക്കാഡിന് ഉടമയാണ് ഫെഡറർ.

38

വയസാണ് ഫെഡറർക്ക്. നൊവാക്കിന് 32 വയസും.

എനിക്ക് ഇനിയും ഗ്രാൻസ്ളാം കിരീടങ്ങൾ നേടാൻ കഴിയുമെന്ന് വിശ്വാസമുണ്ട്. ഭാവി എന്താണെന്ന് ആർക്കും പ്രവചിക്കാനാവില്ല. പ്രത്യേകിച്ച് എന്റെ പ്രായത്തിൽ. ഇപ്പോഴത്തെ എന്റെ പ്രകടനത്തിൽ സന്തോഷവാനാണ് . അതുകൊണ്ടുതന്നെ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല.

റോജർ ഫെഡറർ

2018

ആസ്ട്രേലിയൻ ഒാപ്പണിലാണ് ഫെഡറർ അവസാനമായി ഗ്രാൻസ്ളാം ജേതാവായത്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഒാപ്പൺ സെമിയിലെത്തിയ ഫെഡറർ വിംബിൾഡൺ ഫൈനലിൽ നൊവാക്കിനോട് തോൽക്കുകയായിരുന്നു.

പരിക്കിനെ തോൽപ്പിച്ച്

ആദ്യ സെറ്റിനൊടുവിൽ ഫെഡററും നൊവാക്കും വൈദ്യസഹായം തേടിയിരുന്നു. മാരത്തോൺ ക്വാർട്ടർ ഫൈനലിന് ശേഷം ഫെഡറർക്ക് അടിവയറ്റിൽ വേദന അനുഭവപ്പെട്ടിരുന്നു. അതിനാൽ അധികം പരിശീലനം കൂടാതെയാണ് സെമിഫൈനലിന് ഇറങ്ങിയത്. പരിക്കുമൂലം ഫെഡറർ സെമിഫൈനലിനിടെ പിൻമാറുമെന്ന് ശ്രുതിയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിലെ 1500 ഒാളം മത്സരങ്ങളിൽ ഒന്നിൽപോലും ഫെഡറർ ഇടയ്ക്കുവച്ച് പിന്മാറിയിട്ടില്ല.

ഫെഡറർക്കെതിരെ കളിക്കുക അത്ര നിസാര കാര്യമല്ല. അദ്ദേഹത്തെ പരിക്ക് അലട്ടിയിരുന്നുവെന്ന് വ്യക്തമായിരുന്നു. എന്നിട്ടും പൊരുതാൻ തയ്യാറായ അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നു.

നൊവാക്ക് ജോക്കോവിച്ച്

26

തന്റെ 26-ാം ഗ്രാൻസ്ളാം ഫൈനലിനാണ് നൊവാക്ക് ടിക്കറ്റെടുത്തിരിക്കുന്നത്.