തിരുവനന്തപുരം: സംസ്ഥാനത്തെ റൈസ് മില്ലുകൾ, ഫ്ളോർ മില്ലുകൾ, ദാൽ മില്ലുകൾ എന്നീ മേഖലകളിലെ തൊഴിലാളികൾക്കുള്ള മിനിമം വേതനം പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.
വിദഗ്ദ്ധ തൊഴിലാളി വിഭാഗത്തിൽ മിൽ ഡ്രൈവർ, സോർട്ടെക്സ് മെഷീൻ ഓപ്പറേറ്റർ, ബോയിലർ ഓപ്പറേറ്റർ എന്നിവയിൽ മാസശമ്പളക്കാർക്ക് 13,130 രൂപയും 505 രൂപ ദിവസവേതനവിഭാഗക്കാർക്കും നിശ്ചയിച്ചു. അർദ്ധ വിദ്ഗ്ദ്ധ തൊഴിലാളി വിഭാഗത്തിൽ ഹുള്ളർമാൻ/ഷെല്ലർ കൺവെയർ ഓപ്പറേറ്റർ എന്നിവയിൽ മാസശമ്പളക്കാർക്ക് 12,870 രൂപയും 495 രൂപ ദിവസവേതനവിഭാഗക്കാർക്കും വേതനമായി നിശ്ചയിച്ചിട്ടുണ്ട്. അവിദഗ്ധ തൊഴിലാളി വിഭാഗത്തിൽ ബോയിലിംഗും കില്ലിംഗും സെക്ഷനുകളിലെ യാർഡ് വർക്കർമാർ, അറ്റൻഡർമാർ എന്നിവയിൽ മാസശമ്പളക്കാർക്ക് 12,610 രൂപയും 485 രൂപ ദിവസവേതനവിഭാഗക്കാർക്കും ലഭിക്കും.
ഓഫീസ് സ്റ്റാഫ് വിഭാഗത്തിൽ മാനേജർമാർക്ക് പ്രതിമാസശമ്പളമായി 14,360 രൂപയും അക്കൗണ്ടന്റ്, ക്ലാർക്ക്, കംപ്യൂട്ടർ ഓപ്പറേറ്റർ എന്നിവർക്ക് 13,300 രൂപയും മാസശമ്പളമായി നിശ്ചയിച്ചു.സെയിൽസ് അസിസ്റ്റന്റ്, സെക്യൂരിറ്റി ഗാർഡ്, ഡ്രൈവർ എന്നിവർക്ക് 12,850 രൂപയും ഓഫീസ് അറ്റൻഡന്റ്/അസിസ്റ്റന്റ് എന്നിവർക്ക് 12,480 രൂപയും ക്ലീനർ/സ്വീപ്പർ വിഭാഗക്കാർക്ക് 12,050 രൂപയും പ്രതിമാസ ശമ്പളമായി നിജപ്പെടുത്തിയിട്ടുണ്ട്.