തിരുവനന്തപുരം: കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗം ഇന്നലെ വയനാട്ടിൽ പരിഭാഷപ്പെടുത്തിയതോടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈവന്നത് അപൂർവ നേട്ടം. രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ പ്രസംഗം പലകുറി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ചെന്നിത്തല ഇന്നലെ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതോടെ നെഹ്റു കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ട നേതാക്കളുടെയും പരിഭാഷകനാവുകയായിരുന്നു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷനുമായിരിക്കെ പല തവണ അദ്ദേഹത്തിന്റെ പ്രസംഗം ചെന്നിത്തല പരിഭാഷപ്പെടുത്തിയിട്ടുണ്ട്. രാജീവിനുശേഷം സോണിയ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനുള്ള നിയോഗവുമുണ്ടായി.
1982 മുതൽ ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിവന്ന യുവനേതാവാണ് ചെന്നിത്തല. ചെന്നിത്തല കെ.എസ്.യു പ്രസിഡന്റായിരിക്കെ രാജീവ്ഗാന്ധിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അദ്ദേഹത്തെ എൻ.എസ്.യു.ഐ പ്രസിഡന്റായി ഇന്ദിരാഗാന്ധി നിയമിച്ചത്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി കേരളത്തിലേക്ക് വന്ന് നടത്തിയ പല തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പരിഭാഷകൻ ചെന്നിത്തല ആയിരുന്നു.