nirmala-sitharaman

തിരുവനന്തപുരം: പ്രളയവും ജി.എസ്.ടിയും കണക്കുകൂട്ടലുകൾ തെറ്റിച്ച കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ കേന്ദ്രബഡ്‌ജറ്റിൽ എന്തെങ്കിലും ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. നാളെയാണ് കേന്ദ്രബഡ്ജറ്റ്. സാമ്പത്തികാനുകൂല്യങ്ങൾക്കൊപ്പം ബഡ്‌ജറ്റിൽ കൂടുതൽ പദ്ധതികളും ഉൾപ്പെടുത്തുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. പൊതുവായ ഗ്രാൻഡുകളും സഹായങ്ങളും വർദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്ത് പൊതുവായുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യം മറികടക്കാൻ കൂടുതൽ ഉത്തേജക പാക്കേജുകളും സാമ്പത്തിക ക്രയവിക്രയം വർദ്ധിപ്പിക്കാനുള്ള നടപടികളുമാണ് വേണ്ടത്. എച്ച്. എൻ. എൽ, എഫ്. എ. സി. ടി തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കുമ്പോൾ തൊഴിൽ നഷ്ടം മാത്രമല്ല വ്യവസായ വികസനത്തിനായി സംസ്ഥാനം വിട്ടുനൽകിയ ഭൂമി സ്വകാര്യമുതലാളിമാരുടെ കൈയിലാവുകയും ചെയ്യുന്നു. ഇതിലെ അപകടവും എതിർപ്പും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ആശാവഹമായ സമീപനമാണ് കേരളം ആഗ്രഹിക്കുന്നത്.

നിലവിലെ പ്രതിസന്ധികൾ

പുനരുദ്ധാരണത്തിനും നവകേരള നിർമ്മിതിക്കും ലോകബാങ്കും ജർമ്മൻബാങ്കും നൽകുന്ന വായ്പയിലും ലോകരാജ്യങ്ങളുടെ സഹായത്തിലുമാണ് കേരളത്തിന്റെ കണ്ണ്. എന്നാൽ വായ്പയുടെ കാര്യത്തിൽ കേന്ദ്രത്തിന് അല്പം രാഷ്ട്രീയമുണ്ടെന്നാണ് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറയുന്നത്. ട്രഷറി നീക്കിയിരുപ്പ് വായ്പയായി കണക്കാക്കി ഇൗ വർഷം ആറായിരം കോടി രൂപയുടെ വായ്പാനുമതി നിരസിച്ചു. വായ്പാപരിധി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനത്തിൽ നിന്ന് മൂന്നരശതമാനമാക്കണമെന്ന അപേക്ഷയും അംഗീകരിച്ചില്ല. പ്രളയദുരിതാശ്വാസത്തിനായി വിദേശങ്ങളിൽ നിന്ന് തരപ്പെടുത്തുന്ന സഹായങ്ങളെ സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തുമെന്ന ഭീഷണിയുമുണ്ട്.

ജി.എസ്. ടി. നഷ്ടപരിഹാരം നേരത്തിന് നൽകുന്നില്ല, മൂന്നും നാലും മാസം കൂടുമ്പോഴാണ് നൽകുന്നത്. നികുതിവിഹിതം മാസത്തിലെ ആദ്യദിവസത്തിൽ നിന്ന് മൂന്നാമത്തെ ആഴ്ചയിലേക്ക് മാറ്റി. ഇത് ശമ്പളവിതരണത്തിനും മറ്റും കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്. ഇൗ രണ്ട് നടപടികളും റദ്ദാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

കേരളം പ്രതീക്ഷിക്കുന്ന 6 കാര്യങ്ങൾ

1.വായ്പാപരിധി ജി.ഡി.പി.യുടെ മൂന്ന് ശതമാനത്തിൽ നിന്ന് 3.5ശതമാനമാക്കണം

2.വായ്പകളും ആഭ്യന്തരനിക്ഷേപങ്ങളും സംസ്ഥാനവായ്പകൾക്ക് പുറമേയാക്കണം

3.നികുതി വിഹിതം മാസാദ്യം ലഭ്യമാക്കണം

4.ജി.എസ്. ടി. നഷ്ടപരിഹാരം സമയബന്ധിതമായി നൽകാൻ സംവിധാനം

5. സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് അംഗീകാരവും തുക വകയിരുത്തലും

6.എച്ച്. എൻ.എൽ, സ്വകാര്യവൽക്കരിക്കാതെ സംസ്ഥാനത്തിന് കൈമാറാൻ വ്യവസ്ഥ