. സെമിയിൽ സോഫിയ കെനിൻ ആഷ്‌ലി
ബാർട്ടിയെ അട്ടിമറിച്ചു
. ഗാർബീൻ മുഗുരുസ കീഴടക്കിയത്
സിമോണ ഹാലെപ്പിനെ
മെൽബൺ : അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും അട്ടിമറികൾ അലയടിക്കുകയാണ് ആസ്ട്രേലിയൻ ഒാപ്പണിൽ. ഇന്നലെ വനിതാ സിംഗിൾസ സെമിഫൈനലുകളിൽ അട്ടിമറിക്കപ്പെട്ടത് ലോക ഒന്നാംനമ്പർ താരം ആഷ്‌ലി ബാർട്ടിയും നാലാംസീഡ് സിമോണ ഹാലെപ്പുമാണ്. ബാർട്ടിയെ 7-6 (8/6), 7-5 ന് കീഴടക്കിയത് 14-ാം സീഡ് അമേരിക്കൻ താരം സോഫിയ കെനിനാണ്. ഹാലെപ്പിനെ 7-6 (10/8), 7-5 എന്ന സ്കോറിന് കീഴടക്കിയത് സീഡ് ചെയ്യപ്പെടാത്ത സ്പാനിഷ് താരം ഗാർബീൻ മുഗുരുസയും.
കെനിന്റെ കന്നി ഗ്രാൻസ്ളാം ഫൈനലും മുഗുരുസയുടെ ആദ്യ ആസ്ട്രേലിയൻ ഒാപ്പൺ ഫൈനലുമാണ് നാളെ മെൽബണിൽ നടക്കുക.
സ്വന്തം നാട്ടിൽ കിരീടം നേടാമെന്ന മോഹവുമായി ഇറങ്ങിയ ബാർട്ടിയെ ഒന്നേമുക്കാൽ മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് സോഫിയ കെനിൻ മുട്ടുകുത്തിച്ചത്. ആദ്യസെറ്റിൽ ടൈബ്രേക്കർ വേണ്ടിവന്നുവെങ്കിൽ രണ്ടാം സെറ്റിൽ അത്രയും വേണ്ടിവന്നില്ല കെനിന് വിജയം നേടാൻ. കഴിഞ്ഞ വർഷം പ്രൊഫഷണൽ സർക്യൂട്ടിൽ മൂന്ന് ഡബ്ളിയു.ടി.എ കിരീടം നേടി ശ്രദ്ധേയയായ കെനിൻ ഒരു ഗ്രാൻസ്ളാം ടൂർണമെന്റിൽ സെമിഫൈനൽ കളിക്കുന്നത് തന്നെ ആദ്യമായിരുന്നു. ആഷ്‌ലി ബാർട്ടി ആദ്യമായാണ് ആസ്ട്രേലിയൻ ഒാപ്പണിന്റെ സെമിയിൽ എത്തിയത്.
മുമ്പ് ഫ്രഞ്ച് ഒാപ്പണും വിംബിൾഡണും നേടിയിട്ടുള്ള ലോക ഒന്നാം റാങ്കുകാരിയായിരുന്ന ഗാർബിൻ മുഗുരുസ ഇത്തവണ 32-ാം റാങ്കുകാരിയാണ് മെൽബണിൽ മത്സരിക്കാനിറങ്ങിയത്. 38 ഡിഗ്രിയോളമെത്തിയ ചൂടിലാണ് മുഗുരുസയും ഹാലെപ്പും തമ്മിലുള്ള പോരാട്ടം നടന്നത്. 2010 ൽ ജസ്റ്റിൻ ഹെനിന് ശേഷം ആസ്ട്രേലിയൻ ഒാപ്പണിന്റെ ഫൈനലിൽ ഇടംനേടുന്ന സീഡിംഗ് ഇല്ലാത്ത ആദ്യ താരമാണ് മുഗുരുസ.
ബൊപ്പണ്ണ സഖ്യം പുറത്ത്
മെൽബൺ : ആസ്ട്രേലിയൻ ഒാപ്പൺ മികസഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഉക്രേനിയൻ താരം നദില കിച്ചെനോക്ക് സഖ്യം ക്വാർട്ടർ ഫൈനലിൽ പുറത്തായി. നിക്കോള മെക്ടിച്ച്-ബാർബോറ ക്രേയ്സിക്കോവ സഖ്യമാണ് 6-0, 6-2ന് ബൊപ്പണ്ണ സഖ്യത്തെ കീഴടക്കിയത്. ഇതോടെ ടൂർണമെന്റിൽ നിന്ന് ഇന്ത്യൻ താരങ്ങളെല്ലാം പുറത്തായി.