സഞ്ജു സാംസൺ ഉൾപ്പെടെയുള്ള റിസർവ്
ബെഞ്ചിന് അവസരം നൽകാൻ ഇന്ത്യ
വെല്ലിംഗ്ടൺ : അഞ്ച് മത്സര പരമ്പരയിലെ ആദ്യമൂന്ന് ട്വന്റി 20 കളിലും തകർപ്പൻ വിജയം നേടിയ ഇന്ത്യയ്ക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളിൽ അല്പം പരീക്ഷണങ്ങളാകാം. ഇന്ന് വെല്ലിംഗ്ടണിൽ നടക്കുന്ന നാലാം ട്വന്റി 20 യിൽ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർക്ക് അവസരം നൽകാൻ ഒരുങ്ങുകയാണ് ക്യാപ്ടൻ വിരാട് കൊഹ്ലിയും കോച്ച് രവിശാസ്ത്രിയും.
കഴിഞ്ഞദിവസം ഹാമിൽട്ടണിൽ നടന്ന മൂന്നാം ട്വന്റി 20 യിൽ സൂപ്പർ ഒാവറിലൂടെയാണ് ഇന്ത്യ വിജയം നേടിയിരുന്നത്. ന്യൂസിലൻഡിൽ ഇന്ത്യ ആദ്യമായി നേടുന്ന ട്വന്റി 20 പരമ്പരയാണിത്. ഒാക്ലാൻഡിൽ നടന്ന ആദ്യ രണ്ട് ട്വന്റി 20 കളിലും ഇന്ത്യ ആധികാരിക വിജയമാണ് നേടിയിരുന്നത്. ആദ്യമത്സരത്തിൽ 204 റൺസ് ലക്ഷ്യം ചേസ് ചെയ്ത് വിജയിച്ചു. രണ്ടാം മത്സരത്തിൽ കിവീസിനെ 132/5 ലൊതുക്കിയശേഷം 17.30 ഒാവറിൽ വിജയിച്ചു.
ഇന്നത്തെ മത്സരത്തിൽ പ്ളേയിംഗ് ഇലവനിൽ മാറ്റംവരുമെന്നത് തീർച്ചയാണ്. ഏകദിനങ്ങളും ടെസ്റ്റുകളും വരാനിരിക്കുന്നതിനാൽ രോഹിതിന് വിശ്രമം നൽകേണ്ടതുണ്ട്. വിക്കറ്റ് കീപ്പർ ജോലി കൂടി ചെയ്യുന്ന രാഹുലിനും വിശ്രമം അനുവദിച്ചേക്കാം. ആൾ റൗണ്ടർ ശിവം ദുബെയ്ക്ക് കഴിഞ്ഞ മത്സരങ്ങളിൽ അവസരം നൽകിയിട്ടും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. നവ്ദീപ് സെയ്‌നി, വാഷിംഗ്ടൺ സുന്ദർ, സഞ്ജു സാംസൺ, ഋഷഭ് പന്ത് കുൽദീപ് യാദവ് എന്നിവർ ഇൗ പരമ്പരയിൽ ഇതുവരെ കളിച്ചിട്ടില്ല. ഇനിയുള്ള മത്സരങ്ങളിൽ ഇവർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ അവസരം നൽകാനാണിട.
കഴിഞ്ഞ മത്സരത്തിൽ കേൻ വില്യംസണിന്റെ പ്രഹരം നന്നായി ഏറ്റ പേസർ ജസ്‌പ്രീത് ബുംറയെ ഇന്ന് കളിപ്പിച്ചേക്കില്ല.
കിവീസിന് ഇത് അഭിമാനം നിലനിറുത്തേണ്ട മത്സരങ്ങളാണ്. ക്യാപ്ടൻ സിയിൽനിന്ന് മാറണമെന്ന മുറവിളികൾക്ക് നടുവിലാണ കേൻ വില്യംസൺ. എന്നാൽ കഴിഞ്ഞ മത്സരത്തിൽ 95 റൺസ് നേടിയ വില്യംസൺ നിർഭാഗ്യത്തെയാണ് പഴിക്കുന്നത്. കോളിൻ ഡി ഗ്രാൻഡ് ഹോം ഇൗ മത്സരത്തിൽ കിവീസ് ടീമിലില്ല. ടോം ബ്രൂസാണ് പകരമിറങ്ങുക.
ടീമുകൾ ഇവരിൽനിന്ന്
ഇന്ത്യ: വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ, കെ.എൽ. രാഹുൽ, സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, ഷമി, ബുംറ, ശാർദ്ദൂൽ താക്കൂർ, നവ്‌ദീപ് സെയ്നി, വാഷിംഗടൺ സുന്ദർ.
ന്യൂസിലാൻഡ്
കേൻവില്യംസൺ (ക്യാപ്ടൻ), മാർട്ടിൻ ഗപ്ടിൻ, റോസ് ടെയ്‌ലർ, സ്കോട്ട കൂഗെയ്‌ലിൻ, കോളിൻ മൺറോ, ടോം ബ്രൂസ്, ഡാരിൻ മിച്ചൽ, മിച്ചൽ സാന്റ്നർ, ടിം സീഫർട്ട്, ഹാമിഷ് ബെന്നറ്റ, ഇഷ്സോധി, ടിം സൗത്തി, ബ്ളയർ ടിക്ക്‌നർ.
ടി. വി ലൈവ്: ഉച്ചയ്ക്ക് 12.30 മുതൽ
സ്റ്റാർ സ്പോർട്സിൽ
സഞ്ജുവിന്റെ സാദ്ധ്യത
പകരക്കാരന്റെ കുപ്പായത്തിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിലെത്തുന്ന നാലാമത്തെ ട്വന്റി 20 പരമ്പരയാണിത്. നവംബറിൽ ബംഗ്ളാദേശിനെതിരായ പരമ്പരയിലും തുടർന്ന് വിൻഡീസിനെതിരായ പരമ്പരയിലും ടീമിലുണ്ടായിരുന്നുവെങ്കിലും ഒറ്റക്കളിയിൽ പോലും അവസരം ലഭിച്ചില്ല. തുടർന്ന് പരിക്കേറ്റ ശിഖർ ധവാന് പകരക്കാരനായി ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ ടീമിലെത്തി. മൂന്നാം ട്വന്റി 20 യിൽ വിക്കറ്റ് കീപ്പർ ബാറ്റസ്‌മാനായി അവസരവും ലഭിച്ചു. ഫസറ്റ് ഡൗൺ പൊസിഷനിൽ ബാറ്റിംഗിനിറങ്ങി ആദ്യപന്തിൽ സിക്സടിച്ച് രണ്ടാംപന്തിൽ എൽ.ബിയിൽ കുരുങ്ങി പുറത്തായി. തുടർന്ന് സീനിയർ ടീമിൽനിന്നൊഴിവായി എ ടീമിനൊപ്പം കിവീസ് പര്യടനത്തിന് പുറപ്പെട്ടു. പക്ഷേ ധവാന് പരിക്കായതിനാൽ എ ടീമിൽ നിന്ന് വീണ്ടും സീനിയർ ടീമിൽ. കഴിഞ്ഞ മത്സരങ്ങളിൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി.
ഇന്ന് വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ പരിഗണിക്കുമോ സഞ്ജുവിനെ പരിഗണിക്കുമോ എന്നാണ് അറിയേണ്ടത്. ഇരുവരെയും ഒന്നിച്ച് കളിപ്പിക്കാനും സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ സഞ്ജു ഒാപ്പണറായേക്കും.