ഉൗക്കോട്: കല്ലിയൂർ വില്ലേജ് ഓഫീസും പരിസരവും എ.പി.ജെ അബ്ദുൾകലാം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ശുചീകരണം നടത്തി. വർഷങ്ങളായി അടഞ്ഞു കിടക്കുന്ന വില്ലേജോഫീസ് കാടുമൂടിയ നിലയിലാണ്. 25 വർഷങ്ങൾക്കു മുമ്പ് കല്ലിയൂർ പുന്നമൂട് സ്കൂളിലെ അന്നത്തെ പി.ടി.എ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ നാണുക്കുട്ടൻ നായരുടെ ശ്രമഫലമായാണ് കല്ലിയൂർ പഞ്ചായത്ത് ഓഫീസിന് കോമ്പൗണ്ടിൽ തന്നെ കല്ലിയൂർ വില്ലേജ് ഓഫീസും പ്രവർത്തനമാരംഭിച്ചത്. ഈ കെട്ടിടം അറ്റകുറ്റപണി നടത്തി കല്ലിയൂർ വില്ലേജ് ഓഫീസ് പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം. നാട്ടുകാരുടെ ഈ ആവശ്യം മാനിച്ച് എ.പി.ജെ അബ്ദുൾകലാം സാംസ്കാരിക സമിതി പ്രസിഡന്റ് വള്ളംകോട് ഓമനക്കുട്ടനും കല്ലിയൂർ ജനനി ഗോപനും റവന്യൂവകുപ്പിൽ മുഖ്യമന്ത്രിക്കും പരാതി നൽകി.