മലയിൻകീഴ്: വീട് ഈടുനൽകി വായ്‌പയെടുത്ത ശേഷം നാലു ലക്ഷം രൂപയ്‌ക്ക് അതേ വീട് ഒറ്റിക്ക് നൽകി കബളിപ്പിച്ച കേസിൽ വീട്ടുടമ പിടിയിൽ. മലയിൻകീഴ് മഠത്തിങ്കൽക്കര കൃഷ്ണഭവനിൽ വിനോദ് വി.വി.നായർ(35) ആണ് പിടിയിലായത്. തന്നെ കബളിപ്പിച്ചതായി കാട്ടി ആറ്റുകാൽ ഐരാണിമുട്ടം സ്വദേശിനി രമയാണ് പൊലീസിൽ പരാതി നൽകിയത്.2018 സെപ്തംബറിലാണ് മലയിൻകീഴ് ഇരട്ടക്കലുങ്ക് കോളച്ചിറയിലുള്ള വിനോദിന്റെ വക വീട് മൂന്ന് വർഷത്തേക്ക് കരാർ എഴുതി രമ ഒറ്റിക്ക് വാങ്ങിയത്. എന്നാൽ ഈ വീടിന്റെ ആധാരം പണയപ്പെടുത്തി ആന്ധ്രാ ബാങ്കിൽ നിന്നു വിനോദ് 18 ലക്ഷം രൂപ വായ്‌പയെടുത്തിരുന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ല. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ വീട് ജപ്‌തി ചെയ്യാൻ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്.വിനോദിനെതിരെ മലയിൻകീഴ് പൊലീസ് കേസെടുത്തിരുന്നെങ്കിലും ഇയാൾ ഒളിവിലായിരുന്നു.എസ്.ഐ. സൈജുവിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.രമയും ഭർത്താവ് ശ്രീകണ്ഠനും മകനുമാണ് ഈ വീട്ടിൽ കഴിയുന്നത്.