തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നെത്തിയ ആറുപേരെ തിരുവനന്തപുരത്ത് നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാലുപേരും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്. ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രക്തസാമ്പിളുകളുടെ പരിശോധനാഫലം വന്നശേഷം രോഗമില്ലെന്ന് സ്ഥിരീകരിച്ചശേഷമേ ഇവരെ വിട്ടയയ്ക്കൂ.
മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിലെ ഒരു നില പൂർണമായും ഐസൊലേഷൻ വാർഡാക്കി മാറ്റി. താഴത്തെ നിലയിലെ മുറിയിലാണ് മെഡിക്കൽ കോളേജിലുളള നാലുപേരെയും നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ജനറൽ ആശുപത്രിയിലെ പത്താംവാർഡാണ് കൊറോണ ഐസൊലേഷൻ വാർഡാക്കി മാറ്രിയിരിക്കുന്നത്. ചൈനയിൽ നിന്നെത്തിയ രണ്ട് യുവാക്കളാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇവരിൽ ഒരാളുടെ രക്ത പരിശോധനാഫലം ഇന്ന് ലഭിക്കും.
ചൈനയിൽ നിന്നെത്തിയ നാല് വിദ്യാർത്ഥികൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ
കൊറോണ വൈറസ് ബാധിച്ച് തൃശൂരിൽ ചികിത്സയിലുള്ള വിദ്യാർത്ഥിനിക്കൊപ്പം ചൈനയിൽ നിന്ന് വിമാനത്തിൽ നാട്ടിലെത്തിയ, ആലപ്പുഴ ജില്ലക്കാരായ നാല് മെഡിക്കൽ വിദ്യാർത്ഥികളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിലൊരാളുടെ രക്ഷാകർത്താക്കളെ ആലപ്പുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് എല്ലാവരെയും ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. തൃശൂരിലെ വിദ്യാർത്ഥിനിയുടെ സഹപാഠികളാണ് നാലുപേരും. ചേർത്തല താലൂക്കിലെ വിദ്യാർത്ഥിയും രക്ഷാകർത്താക്കളുമാണ് ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. തൊട്ടു പിന്നാലെ മറ്റൊരു വിദ്യാർത്ഥിയും എത്തി. രക്ഷാകർത്താക്കൾക്ക് രോഗലക്ഷണം അത്ര പ്രകടമല്ലാത്തതിനാലാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ 10 കിടക്കകൾ ഉണ്ടെങ്കിലും എല്ലാ സജ്ജീകരണവും ഉള്ളത് നാല് കിടക്കകളാണ്. കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാത്ഥിക്കൊപ്പം 20 മെഡിക്കൽ വിദ്യാർത്ഥികൾ വിമാന മാർഗം എത്തിയിട്ടുണ്ട്. ഈ സംഘത്തിൽപ്പെട്ടവരെയാണ് ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രിയോടെ മറ്റ് രണ്ട് വിദ്യാർത്ഥികളും ചികിത്സ തേടുമെന്ന് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. അവരും ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കൂടുതൽ പേർ ചികിത്സ തേടാൻ സാദ്ധ്യതയുള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിന് അടുത്തുള്ള പഴയ ആർ.എം.ഒ ഓഫീസിന് സമീപം പ്രത്യേക വാർഡ് സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രികളിൽ കഴിയുന്നവരിൽ നിന്ന് രക്ത സാമ്പിളുകൾ ശേഖരിച്ച് പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയക്കും.