'സത്യം എപ്പോഴും വിചിത്രമായിരിക്കും' എന്നതാണ് ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്ത 'അന്വേഷണം' എന്ന സിനിമയുടെ ടാഗ് ലൈൻ. അത് അക്ഷരം പ്രതി ശരിയുമാണ്. സത്യം ഇത്രത്തോളം വിചിത്രമാണോയെന്ന ചോദ്യമായിരിക്കും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസിലും ഉന്നയിക്കപ്പെടുക.
അന്വേഷണം എന്ത് എങ്ങനെ?
കുഞ്ഞുമകനും മകളും അടങ്ങുന്ന ഒരു കുടുംബത്തിലുണ്ടാകുന്ന അപ്രതീക്ഷിത അപകടവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. കൊച്ചിയിലെ മാദ്ധ്യമ പ്രവർത്തകനായ അരവിന്ദിന്റെയും ഭാര്യ കവിതയുടെയും ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത അപകടത്തിൽ തുടങ്ങുന്ന സിനിമ പിന്നീട് ഒരു ഇമോഷണൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന തലത്തിലേക്ക് വഴിമാറുകയാണ്. ആരാണ് കുറ്റക്കാരൻ, ആരൊക്കെയാണ് കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള യാത്രയായാണ് 102 മിനിട്ടുള്ള സിനിമ പ്രേക്ഷകന് അനുഭവപ്പെടുക.
പ്രേക്ഷകർ ആഗ്രഹിക്കുന്നത് പോലെ പൂർണമായും ഒരു എന്റർടെയ്‌നറല്ലെന്ന് സിനിമയുടെ തുടക്കം തന്നെ സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. അതിനാൽ തന്നെ ഓരോ രംഗങ്ങളും അതിഗൗരവത്തോടെയും വൈകാരികമായുമാണ് ഒരുക്കിയിരിക്കുന്നത്. അരവിന്ദിന്റെ മകൻ സ്റ്റെയർകേസിൽ നിന്ന് കാൽവഴുതി വീഴുന്നതിനെ ചുറ്റിപ്പറ്റിയാണ് ആദ്യപകുതി മുന്നേറുന്നത്. രണ്ടാം പകുതിയിലാണ് ഈ സംഭവത്തിലേക്ക് നയിച്ചതെന്താണെന്ന അന്വേഷണവും മറ്റും നടക്കുന്നത്. നാടകീയത നിറഞ്ഞ രണ്ടാംപകുതി ഒരു തരത്തിലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. മറിച്ച്, അതിവൈകാരികമായ രംഗങ്ങളിലൂടെ പ്രേക്ഷക മനസിനെ വല്ലാത്ത രീതിയിൽ മഥിക്കുകയാണ്. ഇവിടെയാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന തലത്തിൽ നിന്ന് ഇമോഷണൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന തലത്തിലേക്കുള്ള സിനിമയുടെ രൂപാന്തരം. തെറ്റ് കാണിച്ചാൽ മാതാപിതാക്കൾ കുട്ടികളെ തല്ലുന്നതും ബാലപീഡനം എന്നതും രണ്ടും രണ്ടാണെന്ന് സംവിധായകൻ സിനിമയിലൂടെ വ്യക്തമാക്കുന്നുണ്ട്. ലില്ലി എന്ന ക്രൈം ത്രില്ലറിന് ശേഷം പ്രശോഭിന്റെ ഏറ്റവും മികച്ച ശ്രമമാണ് ഈ സിനിമയെന്ന് നിസംശയം പറയാനാകും. സത്യം എത്രത്തോളം വിചിത്രമാകാമെന്നതിന്റെ പലപല രൂപാന്തരങ്ങൾ പോലും സിനിമയിൽ കാണാം. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ആശുപത്രിയിലാണ്.
അരവിന്ദൻ എന്ന ജയസൂര്യ
ജയസൂര്യ എന്ന നടന്റെ റേഞ്ച് വെളിവാക്കപ്പെടുന്ന കഥാപാത്രമാണ് ഈ സിനിമയിലെ മാദ്ധ്യമ പ്രവർത്തകന്റെ വേഷം. കരിയറിൽ സംഭവിച്ച തിരിച്ചടിയിൽ നിന്ന് കരകയറാതെ ഉഴലുമ്പോഴാണ് അരവിന്ദന്റെ ജീവിതത്തിലെ ഈ ദുരന്തവും സംഭവിക്കുന്നത്. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത് ഏതൊരു നടനും വെല്ലുവിളി തന്നെയാണ്. എന്നാൽ, അതിഭാവുകത്വങ്ങളില്ലാതെ തികച്ചും ബാലൻസ് ചെയ്താണ് ജയസൂര്യ അരവിന്ദനെ അവതരിപ്പിച്ചിരിക്കുന്നത്. അപ്പോത്തിക്കരി എന്ന സിനിമയിൽ വൈകാരികതയുടെ മറ്റൊരു തലം പ്രേക്ഷകർക്ക് സമ്മാനിച്ച ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായി അരവിന്ദൻ എഴുതിച്ചേർക്കപ്പെടും.
ജയസൂര്യയുടെ ഭാര്യാവേഷത്തിലെത്തുന്ന ശ്രുതി രാമചന്ദ്രനും മികച്ച പിന്തുണയാണ് നൽകുന്നത്. ശ്രുതിയുടെ ശരീരഭാഷ പോലും അത്തരമൊരു കഥാപാത്രത്തിന് താനെത്ര യോജിച്ചതാണെന്ന് വെളിവാക്കുന്നുണ്ട്. ലെന അവതരിപ്പിക്കുന്ന ആശുപത്രിയിലെ ഹെഡ് നഴ്സായ സോണിയാണ് സിനിമയിലെ മറ്റൊരു കേന്ദ്രകഥാപാത്രം. വിജയ് ബാബു, ഗർഭിണിയായ അസിസ്റ്റന്റ് കമ്മിഷണറുടെ വേഷത്തിലെത്തുന്ന ലിയോണ ലിഷോയ്, ശ്രീകാന്ത് മുരളി, ലാൽ, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ചേരുന്നതാണ്. ഇഫോർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മുകേഷ് മെഹ്‌ത, എ.വി.അനൂപ്, സിവി സാരഥി തുടങ്ങിയവർ ചേർന്നാണ് നിർമ്മാണം.
വാൽക്കഷണം: സത്യം വിചിത്രമാണ്
റേറ്റിംഗ്: 4