തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നതിന് ചട്ടം 130 പ്രകാരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പ്രമേയനോട്ടീസ് സർക്കാർ തള്ളി. സമയക്കുറവും കീഴ്‌വഴക്കവും ചട്ടവും ചൂണ്ടിക്കാട്ടി ഇന്നലെ ചേർന്ന കാര്യോപദേശകസമിതി യോഗത്തിൽ സർക്കാരിനുവേണ്ടി പാർലമെന്ററി കാര്യമന്ത്രി എ.കെ. ബാലൻ നോട്ടീസിനെ എതിർക്കുകയായിരുന്നു.
പ്രതിപക്ഷം വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെങ്കിലും, 'സർക്കാർ നിലപാട് പറഞ്ഞുകഴിഞ്ഞല്ലോ' എന്ന് പറഞ്ഞ് മുഖ്യമന്ത്രി തീരുമാനത്തിന് അടിവരയിട്ടു. ഇനി കാര്യോപദേശകസമിതിയുടെ തീരുമാനം തിങ്കളാഴ്ച സഭയിൽ സ്പീക്കർ റിപ്പോർട്ട് ചെയ്യുമ്പോൾ നോട്ടീസ് നൽകിയ പ്രതിപക്ഷനേതാവിന് വിയോജിപ്പ് രേഖപ്പെടുത്തി സംസാരിക്കാനാകും. എന്നാൽ ചർച്ച അനുവദിക്കില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ് സഭയെ അവഹേളിച്ച ഗവർണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്നതാണ് പ്രതിപക്ഷനേതാവിന്റെ പ്രമേയനോട്ടീസ്. തിങ്കളാഴ്ച പുനരാരംഭിക്കുന്ന സഭാസമ്മേളനത്തിന്റെ തുടർന്നങ്ങോട്ടുള്ള കാര്യപരിപാടികൾ ക്രമീകരിക്കാനാണ് കാര്യോപദേശകസമിതി ചേർന്നത്. യോഗത്തിൽ സമിതി അദ്ധ്യക്ഷൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രതിപക്ഷനേതാവിന്റെ നോട്ടീസിനെക്കുറിച്ച് അറിയിച്ചു. നിയമസഭയ്ക്ക് തിരക്കിട്ട ഷെഡ്യൂളാണെന്നും ഇത്തരമൊരു പ്രമേയത്തിനായി സമയം ചെലവിടാനില്ലെന്നും മന്ത്രി ബാലൻ പറഞ്ഞു.
സ്പീക്കർ അനുവദനീയമാണെന്നറിയിച്ച പ്രമേയത്തെ സർക്കാർ എന്തിനെതിർക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. അധികസമയം വിനിയോഗിക്കാൻ തങ്ങളൊരുക്കമാണ്. വേണമെങ്കിൽ 13നും സമ്മേളനം ചേരാമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് നിയമസഭ 1995ൽ ഗവർണറെ തിരിച്ചുവിളിക്കാനാവശ്യപ്പെട്ട് പ്രമേയം പാസാക്കിയ കീഴ്‌വഴക്കമുണ്ടെന്ന് കെ.സി. ജോസഫും പറഞ്ഞു. ഇങ്ങനെയൊരു കീഴ്‌വഴക്കം കേരളനിയമസഭയിലില്ലെന്നും ഇല്ലാത്ത കീഴ്‌വഴക്കം സൃഷ്ടിക്കാൻ സർക്കാരിന് ആഗ്രഹമില്ലെന്നും മന്ത്രി ബാലൻ വ്യക്തമാക്കി. ഗവർണറെ തിരിച്ചുവിളിക്കാനാവശ്യപ്പെടുന്ന പ്രമേയത്തെപ്പറ്റി നിയമത്തിലോ ചട്ടത്തിലോ ഒന്നും പറയുന്നില്ലെന്നും ഇങ്ങനെയൊരു പ്രമേയം അനുവദിച്ചാൽ അത് ഗവർണർക്കാണ് ഗുണമാവുകയെന്നും മന്ത്രി പറഞ്ഞു. ചട്ടപ്രകാരം തന്നെയാണ് നോട്ടീസ് നൽകിയതെന്നും അല്ലെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷനേതാവ് സ്വരം കനപ്പിച്ചു. ഗവർണറെ സർക്കാരിന് ഭയമാണെന്ന് എം.ഉമ്മറും കുറ്റപ്പെടുത്തി. ഗവർണറായിരുന്ന രാംദുലാരി സിൻഹയ്ക്കെതിരെ ചാൻസലറെന്ന നിലയിൽ താക്കീത് ചെയ്യുന്ന പ്രമേയം കൊണ്ടുവന്നപ്പോൾ സ്പീക്കറായിരുന്ന വർക്കല രാധാകൃഷ്ണൻ നൽകിയ റൂളിംഗും പ്രതിപക്ഷം എടുത്തിട്ടു. സർക്കാർ വഴങ്ങില്ലെന്നുറപ്പായതോടെയാണ് വിയോജിപ്പ് റിപ്പോർട്ടിലുൾപ്പെടുത്താൻ ചെന്നിത്തല ആവശ്യപ്പെട്ടത്.
പ്രമേയം സർക്കാർ തള്ളിപ്പറഞ്ഞതോടെ ഗവർണറും സർക്കാരും തമ്മിൽ ഒത്തുകളിയാണെന്നാരോപിച്ച് വിമർശനം കടുപ്പിക്കാനാണ് പ്രതിപക്ഷനീക്കം. വരും ദിവസങ്ങളിൽ സഭയിൽ ഇതിന്റെ അനുരണനങ്ങളുണ്ടാകും.
വിയോജനക്കുറിപ്പ് (ഒപ്പിട്ടത് രമേശ് ചെന്നിത്തല, എം.ഉമ്മർ, പി.ജെ. ജോസഫ്, കെ.സി. ജോസഫ് ):
'സ്പീക്കർ അംഗീകരിച്ചിട്ടും പ്രമേയത്തിന് സർക്കാർ അനുമതി നൽകാത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. സമയം അനുവദിക്കാത്തതിലെ വിയോജിപ്പ് കാര്യോപദേശകസമിതിയുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. ഇത് സമിതിയുടെ മിനിട്സിൽ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു.'