corona-virus-

തിരുവനന്തപുരം: ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഇച്ചാംഗ് ത്രീ ജോർജസ് മെഡിക്കൽ സർവകലാശാലയിൽ മലയാളികൾ ഉൾപ്പെടെ നൂറോളം ഇന്ത്യൻ വിദ്യർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. ഇതിൽ പകുതിയും മലയാളികളാണ്. യൂണിവേഴ്സിറ്റിയിലെ പെൺകുട്ടികൾക്കുള്ള ഇന്റർനാഷണൽ ഡോർമിറ്ററി ഹോസ്റ്റലിൽ ഇരുപത് മലയാളികളാണ് മുറികളിൽ നിന്ന് പുറത്തിറങ്ങാനാവാതെ കഴിയുന്നത്. ഇവരിൽ ഭൂരിഭാഗവും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ്.

ആഭ്യന്തര വിമാന സർവീസ്, ട്രെയിൻ സർവീസ്, പൊതു ഗതാഗതം എന്നിവയെല്ലാം നിറുത്തി. വൈറസ് പടരുന്നതിനാൽ പുറത്തിറങ്ങരുതെന്നാണ് വിദ്യാർത്ഥികളോട് നിർദേശിച്ചിരിക്കുകയാണ്. ഹോസ്റ്റലിലെ കാന്റീനും അടച്ചു. കുട്ടികൾ മുറിക്കുള്ളിൽ തന്നെ ഭക്ഷണം പാചകം ചെയ്താണ് കഴിയുന്നത്. ഏത് നിമിഷവും ഭക്ഷണ സാധനങ്ങൾ തീരാവുന്ന സ്ഥിതിയാണ്. നേരത്തെ വാങ്ങിയ പച്ചക്കറികൾ ഇന്നലെ തീർന്നു. ഏതാനും പാക്കറ്റ് ബിസ്കറ്റും നൂഡിൽസും മാത്രമാണ് ശേഷിച്ചിട്ടുള്ളത്. ഇത് കൂടി തീർന്നാൽ സ്ഥിതി സങ്കീർണമാകും. ഇതിനിടെ യൂണിവേഴ്സിറ്റിയിലെ ആഫ്രിക്കൻ സ്വദേശികളായ രണ്ട് വിദ്യാർത്ഥികളെ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വിദ്യാർത്ഥികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള മാസ്‌കുകളോ സുരക്ഷാ ഉപകരണങ്ങളോ വിതരണം ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്. തങ്ങളുടെ ദുരിതാവസ്ഥയും താമസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ വിദ്യാർത്ഥികൾ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ല രണ്ടാമത്തെ വിമാനത്തിൽ ഇവരെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. കൊറാണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽ നിന്ന് 300 കിലോമീറ്റർ അകലെ ഹുബെയിലെ ഇച്ചാംഗിലാണ് ചൈന ത്രീ ജോർജസ് യൂണിവേഴ്സിറ്റി (സി.ടി.ജി.യു). വുഹാൻ ഉൾപ്പെടുന്ന പ്രവിശ്യയാണ് ഹുബെയ്.