തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുള്ള തന്റെ പ്രമേയനോട്ടീസ് തള്ളിയ സർക്കാർ നടപടി, ഗവർണറും സർക്കാരും തമ്മിലുള്ള ഒത്തുകളി വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇത് അംഗീകരിക്കാനാവില്ല. നോട്ടീസ് നൽകിയത് ചട്ടപ്രകാരം തന്നെയാണ്. സ്പീക്കർ അതിനെ പിന്തുണച്ചതിനാലാണ് കാര്യോപദേശകസമിതിയുടെ പരിഗണനയിൽ പോലുമെത്തിയത്. നോട്ടീസ് ചട്ടപ്രകാരമാണെന്ന് സ്പീക്കറും വ്യക്തമാക്കിയതാണ്. അത് ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കണമെന്ന തന്റെ ആവശ്യവും സ്പീക്കർ അംഗീകരിച്ചു. സ്പീക്കറുടെ ആ നടപടികളെയാണ് മന്ത്രി ബാലൻ ചോദ്യം ചെയ്തത്. സ്പീക്കറെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു പ്രമേയത്തിന് കീഴ്വഴക്കമില്ലെന്ന മന്ത്രിയുടെ നിലപാടും ശരിയല്ല. ബംഗാളിൽ ഗവർണർ നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങൾ വായിക്കാത്തതിനെതിരെ 1963ൽ കേരളനിയമസഭയിൽ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് മുൻകൈയെടുത്ത് പ്രമേയം പാസാക്കിയിട്ടുണ്ട്. 1995ൽ രണ്ട് തവണയാണ് ഗവർണർ ചിന്നറെഡ്ഢിയെ തിരിച്ചുവിളിക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നേതൃത്വത്തിൽ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയത്. രാംദുലാരി സിൻഹയുടെ ചാൻസലറെന്ന നിലയിലെ നടപടികളിൽ പ്രതിഷേധിച്ച് ഇവിടെ പ്രമേയം പാസാക്കി. അന്ന് സ്പീക്കറായിരുന്ന വർക്കല രാധാകൃഷ്ണൻ നൽകിയ റൂളിംഗിൽ പറയുന്നത് ഗവർണറെ തിരിച്ചുവിളിക്കാൻ പോലും പ്രമേയം കൊണ്ടുവരാമെന്നാണ്.
ഗവർണർക്ക് മഹത്വമുണ്ടാക്കിക്കൊടുക്കുമെന്നാണ് മന്ത്രി ബാലന്റെ വാദം. കേരളത്തിലെ ജനങ്ങൾ ഈ ഗവർണർക്കെതിരാണ്. ഇതുപോലൊരു വിഷയം ഈ സഭയിൽ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെയെവിടെയാണ് ചർച്ച ചെയ്യേണ്ടത്? സമയമാണ് പ്രശ്നമെങ്കിൽ തങ്ങൾ കൂടുതൽ സമയം വിനിയോഗിക്കാൻ തയ്യാറാണെന്ന് പറഞ്ഞെങ്കിലും അതും സമ്മതിച്ചില്ല.
ഈ പ്രമേയം ചർച്ചയ്ക്കെടുക്കാത്തത് ഇന്ത്യയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഗവർണർമാരെ വച്ച് ഫെഡറലിസത്തെ തകർക്കുകയാണ് മോദിയും അമിത്ഷായും. അതിന് തടയിടാനുള്ള പ്രവർത്തനം കേരളത്തിൽ നിന്ന് തുടങ്ങുന്നത് നല്ലതല്ലേയെന്നാണ് തങ്ങൾ ചോദിക്കുന്നത്. കീഴ്‌വഴക്കമില്ലെങ്കിൽ അതുണ്ടാക്കണം. എന്നാൽ ബോധപൂർവ്വം ചർച്ചയൊഴിവാക്കാനാണ് സർക്കാർ ശ്രമിച്ചത്. ഗവർണറെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് മമത ബാനർജിയെ കണ്ട് പിണറായി വിജയൻ പഠിക്കണം. മൂന്നിന് ചേരുന്ന സഭാസമ്മേളനത്തിൽ പ്രശ്നമുന്നയിക്കാനാണ് പ്രതിപക്ഷതീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.