തിരുവനന്തപുരം: കുട്ടനാട് എം.എൽ.എ ആയിരിക്കെ അന്തരിച്ച തോമസ് ചാണ്ടിക്ക് ഇന്നലെ നിയമസഭ ചരമോപചാരമർപ്പിച്ചു. മികച്ച സാമൂഹ്യപ്രവർത്തകനും കഴിവുറ്റ വ്യവസായിയുമായിരുന്നു തോമസ് ചാണ്ടി എന്ന് ചരമോപചാരപ്രമേയം അവതരിപ്പിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു.
കുവൈത്ത് യുദ്ധസമയത്ത് ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ വിവിധ അധികാരകേന്ദ്രങ്ങളിലെത്തിച്ച് പരിഹാരം കാണാൻ അദ്ദേഹം നിസ്തുലമായ പങ്കാണ് വഹിച്ചത്. വിദ്യാഭ്യാസമേഖലയ്ക്ക് പുറമേ ടൂറിസം രംഗത്തും അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. ജീവകാരുണ്യപ്രവർത്തനത്തിലും സജീവമായിരുന്നെന്നും സ്പീക്കർ പറഞ്ഞു.
രാഷ്ട്രീയനേതാവ്, മന്ത്രി എന്നീ നിലകളിൽ സ്വന്തം കഴിവ് തെളിയിച്ച വ്യക്തിയാണ് തോമസ് ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടനാടിന്റെ വികസനത്തിനായി അദ്ദേഹം ചെയ്ത കാര്യങ്ങൾ വിസ്മരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നുമില്ലായ്മയിൽ നിന്ന് സ്വയം പരിശ്രമിച്ച് സ്വന്തം സാമ്രാജ്യം സൃഷ്ടിച്ച വ്യക്തിയാണ് തോമസ് ചാണ്ടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് പി. തിലോത്തമൻ, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.ജെ. ജോസഫ്, മാത്യു ടി.തോമസ്, അനൂപ് ജേക്കബ്, ഒ. രാജഗോപാൽ, കെ.ബി. ഗണേശ് കുമാർ, പി.സി. ജോർജ് എന്നിവരും ചാണ്ടിയെ അനുസ്മരിച്ചു. തുടർന്ന് അന്തരിച്ച നേതാവിനോടുള്ള ആദരസൂചകമായി ഒരു നിമിഷം അംഗങ്ങൾ മൗനമാചരിച്ച് സഭ ഇന്നലത്തേക്ക് പിരിഞ്ഞു. ചാണ്ടിയുടെ ബന്ധുക്കൾ ചടങ്ങ് വീക്ഷിക്കാൻ വി.ഐ.പി ഗ്യാലറിയിലെത്തിയിരുന്നു.