general

ബാലരാമപുരം: രാജഭരണകാലത്ത് ബാലരാമപുരം ജംഗ്ഷനിൽ നിർമ്മിച്ച മുത്തശിക്കിണർ ഇനി വിസ്മൃതിയിലേക്ക്. കഴിഞ്ഞ നാല് വർഷമായി മാലിന്യം കൊണ്ട് മൂടിയ മുത്തശിക്കിണർ അടിയന്തരമായി മൂടണമെന്നാവശ്യവുമായി നാട്ടുകാർ രംഗത്ത്. കിണർ മൂടണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 150 വർഷത്തോളം പഴക്കമുള്ള കിണറിന്റെ ഇരുപതടിയോളം താഴ്ച്ചയിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. അസഹനീയമായ ദുർഗന്ധം വമിക്കുന്നത് കാരണം വഴിയാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്ത സാഹചര്യമാണ്. സമീപകച്ചവട സ്ഥാപനങ്ങളിലെ ഉടമകൾ കിണർ അടിയന്തരമായി മൂടണമെന്ന് തന്നെയാണ് ആവശ്യം. പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലും കെട്ടി മാംസാവശിഷ്ടം ഉൾപ്പെടെയുള്ളവ കിണറിലേക്ക് തള്ളുകയാണ്. ദിവസങ്ങൾ കഴിയുമ്പോൾ ഇവയിൽ നിന്നും വമിക്കുന്ന ദുർഗന്ധം പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയാണ്. ഓടകളിൽ നിന്നുള്ള മലിനജലം കിണറിലേക്ക് ഊർന്നിറങ്ങി ഈ നീരുറവ പൂർണമായും ഉപയോഗശൂന്യമായി. കരമന-കളിയിക്കാവിള റോഡ് വികസനത്തിന്റെ ഭാഗമായി ബാലരാമപുരം ജംഗ്ഷൻ വികസനത്തോടൊപ്പം കിണർ മൂടാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ കാലതാമസം നേരിടുന്തോറും അത്യധികം മാലിന്യം കൊണ്ട് മൂടിയ കിണർ നാട്ടുകാരുടെ ആരോഗ്യത്തിന് വെല്ലുവിളിയുയർത്തുകയാണ്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പകർച്ചവ്യാധികൾ പടരാനുള്ള സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.