ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കേരളവും അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. ഈ കുട്ടിയോടൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന സഹപാഠികളെയും മറ്റു യാത്രക്കാരെയും പ്രത്യേകം നിരീക്ഷിക്കേണ്ടതായും വന്നിട്ടുണ്ട്. രാജ്യത്തെ തന്നെ ആദ്യ കൊറോണാ കേസാണ് തൃശൂരിലേത്. സംസ്ഥാനത്തൊട്ടാകെ 1053 പേർ വിവിധയിടങ്ങളിൽ നിരീക്ഷണത്തിലാണ്. പതിനഞ്ചുപേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലാക്കിയിട്ടുണ്ട്. പകർച്ചവ്യാധിയുടെ ഉത്ഭവകേന്ദ്രമായ വുഹാനിലും സമീപ പ്രദേശങ്ങളിലും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ പ്രത്യേക വിമാനങ്ങൾ അയയ്ക്കാൻ നടപടിയായിട്ടുണ്ട്. നാനൂറിലധികം പേർക്ക് കയറാവുന്ന വലിയ ബോയിംഗ് വിമാനം ഇതിനായി മൂന്നുദിവസം മുമ്പേ മുംബയിൽ തയ്യാറാക്കി നിറുത്തിയിരിക്കുകയാണ്. വിമാനം വുഹാനിലിറങ്ങുന്നതിന് ചൈനീസ് അധികൃതരുടെ അന്തിമാനുമതി ലഭിച്ചാലുടൻ അങ്ങോട്ടു പറക്കാൻ റെഡിയാണ്. വുഹാനിൽ നിന്ന് ഒഴിപ്പിച്ചു കൊണ്ടുവരുന്നവരെ പതിനാലു ദിവസം പ്രത്യേക കേന്ദ്രത്തിൽ താമസിപ്പിച്ച് നിരീക്ഷിച്ച ശേഷമേ പുറത്തുവിടുകയുള്ളൂ. രോഗം പകരാതിരിക്കാനുള്ള മുൻകരുതലാണിത്. അതുപോലെ രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരീക്ഷണത്തിൽ കഴിയുന്നവരും സ്വന്തം വീടുകളിൽത്തന്നെ സമ്പർക്കം ഒഴിവാക്കി കുറച്ചു ദിവസം കഴിയേണ്ടിവരും. മാരക സ്വഭാവമുള്ള കൊറോണ രോഗത്തെക്കുറിച്ചുള്ള ഭീതി രോഗത്തെക്കാൾ വേഗത്തിൽ സംസ്ഥാനത്തുടനീളം പടർന്നുപിടിക്കുന്നതിനാൽ ജനങ്ങൾ 'നിപ്പ" കാലത്തെന്നപോലെ അതീവ ജാഗ്രതയിലാണിപ്പോൾ. കൊറോണയ്ക്കെതിരെ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ സകലവിധ പ്രതിരോധ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെയും രോഗികളെയും ചികിത്സിക്കുന്നതിനായി പ്രധാന ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കിവരികയാണ്. 'നിപ്പ"യെ അതിസമർത്ഥമായി നേരിട്ട പരിചയസമ്പത്ത് കൈമുതലായുള്ളതിനാൽ ഇപ്പോഴത്തെ ഈ അടിയന്തര ഘട്ടവും ദൃഢചിത്തരായി നിന്ന് തരണം ചെയ്യാൻ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്കു കഴിയുമെന്നു തീർച്ചയാണ്. അതിനായി അവർക്കുവേണ്ട സകല പിന്തുണ നൽകുകയും ആരോഗ്യവകുപ്പ് അതാതു സമയം പുറപ്പെടുവിക്കുന്ന മാർഗനിർദ്ദേശങ്ങൾ അതേപടി അനുസരിക്കുകയും ചെയ്യുക എന്ന ധർമ്മമാണ് ജനങ്ങളെ സംബന്ധിച്ചിടത്തോളം ചെയ്യാനുള്ളത്. ആവശ്യമില്ലാതെ പരിഭ്രാന്തരാകേണ്ട യാതൊരു കാര്യവുമില്ലെന്ന ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ വാക്കുകൾ എല്ലാവരും വിശ്വസിക്കണം. കൊറോണയെ തുരത്താൻ സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ കൊടുക്കേണ്ട സന്ദർഭമാണിത്.
കൊറോണയുടെ ഉത്ഭവകേന്ദ്രമായ വുഹാനിൽ ഇതിനകം ഇരുനൂറിലധികം പേർ മരിച്ചതായ വാർത്ത ലോക തലത്തിൽത്തന്നെ ഭീതിയും ഉത്ക്കണ്ഠയും ജനിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസവും മരണ നിരക്ക് കൂടുതൽ ഉയരുന്നതാണ്
പരിഭ്രാന്തിക്കു കാരണം. ചൈനയിലെ രോഗാവസ്ഥയുടെ തീക്ഷ്ണത കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിർത്തികൾ കടന്നുള്ള സഞ്ചാരം വളരെ സാധാരണമായിരിക്കുന്ന ഇക്കാലത്ത് ഏതു പകർച്ചവ്യാധികളും അതിവേഗം ലോകത്ത് എവിടെ വേണമെങ്കിലും എത്തുമെന്നായിട്ടുണ്ട്. ഇരുപതോളം രാജ്യങ്ങളിൽ ഇതിനകം തന്നെ കൊറോണ വൈറസ് എത്തിക്കഴിഞ്ഞുവെന്നാണ് വാർത്ത. ഇന്ത്യയിൽ നിന്ന് വുഹാൻ ഉൾപ്പെടെ വിവിധ ചൈനീസ് നഗരങ്ങളിൽ ആയിരക്കണക്കിനു കുട്ടികൾ പഠിക്കുന്നുണ്ട്. വിനോദ സഞ്ചാരികളായി ചൈനയിലേക്കു പോകുന്നവരും ലക്ഷക്കണക്കിനാണ്. രോഗം അതിവേഗം പടരുന്നതിനുള്ള സാഹചര്യങ്ങളാണ് ഇതൊക്കെ.
ഏതുതരം പകർച്ചവ്യാധിയും പടരാതിരിക്കാൻ ഏറ്റവും ഫലപ്രദമായ വഴി പ്രതിരോധം തന്നെയാണ്. രോഗിയുമായോ രോഗലക്ഷണങ്ങളുള്ളവരുമായോ നേരിട്ട് ഇടപെടാതിരിക്കുക എന്നതാണ് പ്രതിരോധത്തിലെ ആദ്യ നടപടി. വ്യക്തിഗത ശുചിത്വം കർക്കശമായി പാലിക്കേണ്ട സമയമാണിത്. രോഗലക്ഷണങ്ങൾ, കൊറോണയുമായി ബന്ധമില്ലെങ്കിൽപ്പോലും, കണ്ടാലുടനെ വിദഗ്ദ്ധ വൈദ്യസഹായം തേടുക തന്നെ വേണം. നിസാരമായി ഒന്നിനെയും കാണരുതെന്നു ചുരുക്കം. കൊറോണയുടേതെന്നു സംശയമുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ സ്വന്തം വീടുകളിൽത്തന്നെ പാർപ്പിച്ച് നിശ്ചിത ദിവസങ്ങൾ നിരീക്ഷിച്ചാൽ മതിയാകുമെന്നാണ് വിദഗ്ദ്ധ മതം. രോഗം രക്തപരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടാലേ ആശുപത്രിവാസം വേണ്ടിവരുകയുള്ളൂ. രക്തപരിശോധനയ്ക്കു വേണ്ടിവരുന്ന കാലതാമസമാണ് ആരോഗ്യവകുപ്പിനെ പലപ്പോഴും വിഷമിപ്പിക്കുന്നത്. പൂനെയിലെ വൈറോളജി ലാബിൽ അയച്ച് ഫലം ലഭിക്കാൻ താമസം നേരിടാറുണ്ട്.
ഒരിക്കൽക്കൂടി സംസ്ഥാനത്ത് അത്യാധുനികമായ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭാവം ബോദ്ധ്യപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ ആരോഗ്യ അടിയന്തരാവസ്ഥ. തലസ്ഥാനത്ത് ലൈഫ് സയൻസ് പാർക്കിൽ ആരംഭിച്ച ആധുനിക ലാബ് എത്രമാത്രം പ്രവർത്തനക്ഷമമായിട്ടുണ്ടെന്നു നിശ്ചയമില്ല. ഇതു പൂർണമായും പ്രവർത്തനക്ഷമമായാൽ രക്തസാമ്പിൾ പുറത്തയച്ചു പരിശോധിക്കേണ്ടിവരില്ലെന്നായിരുന്നു മുൻപ് പറഞ്ഞുകേട്ടിരുന്നത്.
സാമൂഹ്യ മാദ്ധ്യമങ്ങളും സംയമനം പുലർത്തേണ്ട സന്ദർഭമാണിത്. അങ്ങേയറ്റം ഉത്തരവാദിത്വത്തോടെ വേണം ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ആശങ്കയും മറ്റും പങ്കുവയ്ക്കാൻ. ജനങ്ങളിൽ തെറ്റിദ്ധാരണകൾ ജനിപ്പിക്കാനിടയുള്ള യാതൊന്നും അയയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിദഗ്ദ്ധാഭിപ്രായങ്ങളെന്ന മട്ടിൽ അല്പജ്ഞാനികൾ രംഗം കൈയടക്കുകയുമരുത്. ഇത്തരക്കാരെ നിരീക്ഷിക്കാനും പ്രത്യേക സംവിധാനം വേണ്ടതാണ്.