തിരുവനന്തപുരം: തിരുവനന്തപുരത്തെ നാലുമണിക്കൂറിൽ കാസർകോട്ടുമായി ബന്ധിപ്പിക്കുന്ന സെമി-ഹൈസ്‌പീഡ് റെയിൽവേയിൽ 6000 കോടിയുടെ ഓഹരി പ്രവാസികൾക്ക് നൽകും. 7720കോടിയുടെ ഓഹരിയും സാങ്കേതികസഹായവും വാഗ്ദാനം ചെയ്തിരുന്ന റെയിൽവേ, ഓഹരിവിഹിതം കുറച്ച് വിദേശവായ്പ കൂട്ടണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചതോടെയാണ് പ്രവാസികൾക്ക് ഓഹരി നൽകുന്നത്. റെയിൽവേയുടെ വിഹിതം കുറച്ചാൽ സംസ്ഥാനത്തിന്റെ വിഹിതവും കുറയ്ക്കണം. ബ്രിട്ടൺ, അമേരിക്ക, ജർമ്മനി എന്നിവിടങ്ങളിലെ ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഓഹരിയെടുക്കാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്.
കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിലവിൽ പ്രവാസികൾക്ക് ഓഹരിയുണ്ട്. സംസ്ഥാനത്തെ ബാങ്കുകളിൽ 1.54ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപമുണ്ട്. പ്രതിവർഷം 11500 കോടിയുടെ വർദ്ധനയുമുണ്ട്. പലിശയില്ലാതെ സുരക്ഷിതനിക്ഷേപം ആഗ്രഹിക്കുന്നവർക്കും സെമി-ഹൈസ്പീഡ് റെയിലിൽ ഓഹരിയെടുക്കാം. പ്രവാസിപങ്കാളിത്തം തേടി ഗൾഫിലും യൂറോപ്പിലും നിക്ഷേപകസമ്മേളനങ്ങൾ നടത്തും. ചില പൊതുമേഖലാസ്ഥാപനങ്ങളും ഓഹരിയെടുക്കും.
66,405കോടി രൂപയാണ് സെമി-ഹൈസ്പീഡ് റെയിലിന്റെ പദ്ധതി ചെലവ്, 2024ൽ പൂർത്തിയാവുമ്പോൾ 70,000കോടിയാവും. പ്രാരംഭപ്രവർത്തനങ്ങൾക്ക് 100കോടി മാത്രമാണ് സർക്കാർ നീക്കിവച്ചിട്ടുള്ളത്. ഇതിൽ 51കോടി സംസ്ഥാനവിഹിതവും 49കോടി റെയിൽവേയുടെ വിഹിതവുമാണ്. സ്ഥലമെടുപ്പിന് മാത്രം 8,656 കോടി വേണം. സ്ഥലമെടുപ്പിന് ബഡ്‌ജറ്റ് വിഹിതമുണ്ടാവും. ബാക്കിപണം കിഫ്ബിയിൽ നിന്ന് അനുവദിക്കും.
സെമി-ഹൈസ്പീഡ് റെയിലിന്റെ അന്തിമ അലൈൻമെന്റ് ഫെബ്രുവരി അവസാനത്തോടെ തയ്യാറാവും. വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) മാർച്ചിൽ കേന്ദ്രത്തിന് സമർപ്പിക്കും. കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചാലേ ഓഹരിയും വിദേശവായ്പയും സ്വീകരിക്കാനാവൂ. ബീജിംഗ് ആസ്ഥാനമായ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (എ.ഐ.ഐ.ബി), ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള ഷാങ്ഹായ് ആസ്ഥാനമായ ന്യൂ ഡെവലപ്മെന്റ് ബാങ്ക് (എൻ.ഡി.ബി), ഫ്രഞ്ച് വികസനബാങ്ക് (എ.എഫ്.ഡി), ഏഷ്യൻ വികസനബാങ്ക് (എ.ഡി.ബി), ജർമ്മൻബാങ്ക്, ലോകബാങ്ക് എന്നിവയും പണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
പണവുമായി ജൈക്ക വരുന്നു
വിദേശവായ്പയെക്കുറിച്ചുള്ള ചർച്ചയ്ക്ക് ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജൈക്ക) ഉടൻ കേരളത്തിലെത്തും. 35000കോടിയാണ് വിദേശവായ്പയെടുക്കേണ്ടത്. ജൈക്കയ്ക്ക് ഒറ്റത്തവണയായി ഇതു നൽകാം. 0.2മുതൽ 0.5ശതമാനം വരെയാണ് ജൈക്കയുടെ പലിശനിരക്ക്. 20മുതൽ 30വർഷംവരെ തിരിച്ചടവ് കാലാവധിയും 10വർഷംവരെ മൊറട്ടോറിയവുമുണ്ട്. റെയിൽപാതയുടെ പ്രധാനപ്പെട്ട ഉപകരണങ്ങളും സിഗ്നലിംഗ് സംവിധാനവും ജപ്പാൻ കമ്പനികളിൽ നിന്ന് വാങ്ങണമെന്ന് ജൈക്ക വ്യവസ്ഥയുണ്ടാക്കും.
നെടുമ്പാശേരി വിജയമാതൃക
19000
പ്രവാസികൾക്ക് ഓഹരി
30
രാജ്യങ്ങളിൽ നിന്നുള്ളവർ
40
ശതമാനം ഓഹരിവിഹിതം
10%
ഓഹരി എം.എ.യൂസഫലിക്ക്
25%
കണ്ണൂർ വിമാനത്താവളത്തിലെ പ്രവാസി ഓഹരി
''പദ്ധതിക്ക് പണം ഒരു പ്രശ്‌നമല്ല. പണം മുടക്കാൻ പലരും സന്നദ്ധരായിട്ടുണ്ട്.
-പിണറായി വിജയൻ
മുഖ്യമന്ത്രി