vkp

തിരുവനന്തപുരം: അപകടഭീഷണിയായി റോഡിന് കുറുകെ ചാഞ്ഞുനിന്ന ടെലിഫോൺ പോസ്റ്റ് ഇളക്കി മാറ്റി എം.എൽ.എ താരമായി. വട്ടിയൂർക്കാവ് മഞ്ചാടിമൂട് വളവിൽ രണ്ടാഴ്‌ച മുമ്പാണ് ടെലിഫോൺ ലൈൻ തകർത്ത് ഐ.എസ്.ആർ.ഒയുടെ ട്രക്ക് കടന്നുപോയത്. അധികൃതരെത്തി ഒടിഞ്ഞുവീണ പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിച്ചു. എന്നാൽ റോഡിന് കുറുകെ ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ ചാഞ്ഞുനിന്ന പോസ്റ്റിൽ തൊട്ടില്ല. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കടന്നുപോകുന്ന പാതയോരത്ത് നിൽക്കുന്ന പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസിയായ ബാബു രാമചന്ദ്രൻ ചിത്രം സഹിതം ഫേസ്ബുക്കിൽ കുറിച്ചു. മൂന്ന് ദിവസത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ബി.എസ്.എൻ.എൽ അധികൃതരോട് ചോദിച്ചപ്പോൾ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന പോസ്റ്റ് അവരുടെത് അല്ലെന്ന മറുപടിയാണ് പ്രദേശത്തെ പൊതുപ്രവർത്തകർക്ക് ലഭിച്ചത്. സ്വകാര്യ മൊബൈൽ കമ്പനിയുടെ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അവർക്കും ഈ പോസ്റ്റുമായി ബന്ധമില്ല. ടെലിഫോൺ പോസ്റ്റിൽ ഞങ്ങൾക്ക് പങ്കില്ലെന്ന് കെ.എസ്.ഇ.ബി അധികൃതരും വ്യക്തമാക്കിയതോടെയാണ് എം.എൽ.എ നേരിട്ടിറങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെ സ്ഥലത്തെ യുവാക്കൾക്കൊപ്പം പ്രശാന്ത് സ്ഥലത്തെത്തി പോസ്റ്റ് പിഴുതുമാറ്റി. സ്‌കൂൾ ബസുകളും നിരവധി വാഹനങ്ങളും കടന്നുപോകുന്ന വഴിയായതിനാൽ എം.എൽ.എയുടെ ഇടപെടൽ വലിയ അപകടമാണ് ഒഴിവാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. പോസ്റ്റ് ഇളക്കി മാറ്റുന്ന വീഡിയോ ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ വൈറലാണ്.