coronavirus

കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇനി ഊന്നൽ നൽകേണ്ടത്. കൊറോണ വിഭാഗത്തിൽ 20 ലധികം വകഭേദങ്ങളുണ്ടെങ്കിലും പെട്ടെന്ന് ജനിതകവ്യതിയാനത്തിന് വിധേയമായ പുതിയ ഇനം വൈറസാണ് രോഗഹേതു. കൊറോണയ്ക്ക് 2002 ൽ പാെട്ടിപ്പുറപ്പെട്ട സാർസ്, 2012 ൽ കണ്ടെത്തിയ എ.ഇ.ആർ.എസ് എന്നീ രോഗലക്ഷണങ്ങളുമായി സാമ്യമുണ്ട്. കൊറോണ വൈറസ് മൂലമുള്ള സാർസ്, മിഡിൽ ഇൗസ്റ്റ് റെസ്‌‌പിരേറ്ററി രോഗം എന്നിവയെ അപേക്ഷിച്ച് പുതിയ കൊറോണ വൈറസ് വളരെ പെട്ടെന്ന് പകരുമെങ്കിലും മരണനിരക്ക് 3 ശതമാനത്തിൽ താഴെ മാത്രമാണ്. അതിനാൽ രോഗം ഏറെ വിനാശകരമല്ല. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കുള്ള വായുവിലൂടെയുള്ള വൈറസിന്റെ വ്യാപനമാണ് ആരോഗ്യ പ്രവർത്തകരെ ആശങ്കപ്പെടുത്തുന്നത്.

വൈറസ് രോഗമായതിനാൽ ഫലപ്രദമായ ചികിത്സയില്ല. ചില ആന്റി വൈറൽ മരുന്നുകൾ ഫലപ്രദമാണെന്ന സ്ഥിരീകരിക്കാത്ത ചൈനയുടെ വാദം ശാസ്ത്രസമൂഹം അംഗീകരിക്കുന്നില്ല. വാക്സിനും ലഭ്യമല്ല. ചൈന റഷ്യയുമായി സഹകരിച്ച് വാക്സിൻ നിർമ്മാണത്തിനായി ഗവേഷണം നടത്തുന്നുണ്ട്. എന്നാൽ വാക്സിൻ ഉരുത്തിരിച്ചെടുക്കാൻ കുറഞ്ഞത് 3-6 മാസമെങ്കിലും വേണം.

കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തീവ്ര ജൈവ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാൻ

ഒാരോ മലയാളിയും തയ്യാറാകണം.

രോഗബാധ സംശയിക്കുന്നവർ ഉടൻ ആശുപത്രികളുമായി ബന്ധപ്പെടണം.

 ജനത്തിരക്കുള്ള പ്രദേശങ്ങൾ, തിരക്കുള്ള ചന്തകൾ, മാളുകൾ, തിയേറ്ററുകൾ എന്നിവയിൽ നിന്നും വിട്ടുനിൽക്കുക.

 പൂർണമായും വ്യക്തിശുചിത്വം പാലിക്കണം.

 യാത്രയിൽ മുഖംമൂടി ധരിക്കുക.

 വിമാനയാത്ര പരമാവധി ഒഴിവാക്കുക.

 യാത്രയ്ക്കുശേഷം ധരിച്ച വസ്ത്രങ്ങൾ അണുനാശക ലായനി തളിച്ച് ഡിറ്റർജന്റിൽ അലക്കണം.

 രോഗബാധ സംശയിക്കുന്നവർ, രോഗബാധയുള്ള രാജ്യത്തു നിന്നെത്തിയവർ എന്നിവരുമായി അടുക്കരുത്.

 വായുവിലൂടെ മാത്രമല്ല രോഗം ബാധിച്ചവരുടെ ദേഹത്തെ സ്രവങ്ങളിലൂടെയും സമ്പർക്കത്തിലൂടെയും രോഗം പകരാം.

 രോഗികളെ കാണാനുള്ള ആശുപത്രി സന്ദർശനം പൂർണമായും ഒഴിവാക്കണം.

 സോഷ്യൽ മീഡിയയിലൂടെ വസ്തുതകൾ മാത്രമേ അറിയിക്കാവൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയോ പരിഭ്രാന്തരാക്കുകയോ ചെയ്യരുത്.

 ആരോഗ്യവകുപ്പധികൃതരും ലോകാരോഗ്യ സംഘടനയും നൽകുന്ന മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം.

 രോഗികൾ, കുട്ടികൾ, ശ്വാസകോശ രോഗമുള്ളവർ, പ്രമേഹം, കാൻസർ ചികിത്സ അനുവർത്തിക്കുന്നവർ എന്നിവർ പരമാവധി ജാഗ്രത പാലിക്കണം.

 രോഗപ്രതിരോധ ശേഷി കുറഞ്ഞവരെ പെട്ടെന്ന് രോഗം ബാധിക്കാം.

 രോഗ പ്രതിരോധശേഷി ഉയർത്താനുള്ള മരുന്നുകൾ കഴിക്കാം. എന്നാൽ വ്യാജമരുന്നുകൾ തിരിച്ചറിയണം.

 വന്യ/വളർത്തുമൃഗങ്ങളിൽ നിന്നും രോഗബാധയ്ക്ക് സാദ്ധ്യതയുണ്ടെങ്കിലും ഇതിനകം ഇതിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല.

 മൃഗങ്ങളെ വളർത്തുന്നവർ ശുചിത്വം പാലിക്കണം.

 തൊഴുത്തും കൂടും ബ്ളീച്ചിംഗ് പൗഡർ വിതറി നന്നായി കഴുകി വൃത്തിയാക്കണം.

 നായ്ക്കളെ പരിചരിക്കുന്നവർ കൈ നന്നായി കഴുകണം. അവയെ കിടപ്പുമുറിയിൽ പാർപ്പിക്കരുത്.

 അശാസ്ത്രീയ ചുറ്റുപാടിൽ കശാപ്പു ചെയ്ത ഇറച്ചി കഴിക്കരുത്. നന്നായി വേവിച്ചേ കഴിക്കാവൂ.

 രോഗിയെ ആശുപത്രിയിലെത്തിച്ച വാഹനം രോഗാണു വിമുക്തമാക്കി മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.

 ഐസൊലേഷൻ വാർഡുകൾ സന്ദർശിച്ചവർ കൈകാലുകളും ചെരുപ്പുകളും നന്നായി കഴുകണം.

 രോഗപര്യവേഷണത്തിനായി ഇന്റർഡിസിപ്ളിനറി ഗവേഷണത്തിന് ഉൗന്നൽ നൽകണം.

 അലോപ്പതിക്കപ്പുറം ആയുഷിന്റെ സാദ്ധ്യതകൾ പഠനവിധേയമാക്കണം.

 കരുതലോടെയുള്ള പ്രവർത്തനം ആശങ്കകൾ ഒഴിവാക്കും.

(Dr. T.P. Sethumadhavan is former Director of Entrepreneurship @Kerala Veterinary & Animal Sciences University, Director, UL Education, Kozhikode& Consultant to World Bank)