വിതുര : ആനപ്പാറ ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പുതിയ മന്ദിരം എന്ന സ്വപ്നം പുവണിയുന്നു. കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപ അനുവദിച്ചതായി കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു. ഈ തുക വിനിയോഗിച്ചു കാലപ്പഴക്കം ചെന്ന കെട്ടിടം ഒഴിവാക്കി അവിടെ ഇരു നിലകളിലുമായി ക്ലാസ് റൂമുകൾ, ഓഫീസ് ബ്ലോക്ക്, കോൺഫറൻസ് ഹാൾ എന്നിവ നിർമ്മിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ക്ലാസ് റൂമുകളിൽ മുഴുവനും സ്മാർട്ട് ക്ലാസ് റൂം സൗകര്യങ്ങൾ ഒരുക്കും.
പരിമിതികൾക്കും പരാധീനതകൾക്കും നടുവിൽ ആനപ്പാറ ഗവ. ഹൈസ്കൂൾ പരിമിതികൾക്കും പരാധീനതകൾക്കും നടുവിലാണ് പ്രവർത്തിക്കുന്നത്. സ്കൂളിലെൽ നിലവിലുള്ള കെട്ടിടങ്ങളിൽ ഭൂരിഭാഗവും ഒാട് മേഞ്ഞതാണ്, കാലപ്പഴക്കം ചെയ്യ ഇൗ കെട്ടിടങ്ങളാകട്ടെ ശോചനീയാവസ്ഥയിലുമാണ്. സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ട് എഴുപത് വർഷം കഴിഞ്ഞു. എണ്ണൂറ് കുട്ടികൾ വരെ ഇവിടെ പഠിച്ചിരുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത നിമിത്തം വർഷം തോറും കുട്ടികൾ കൊഴിഞ്ഞുപോകുകയാണ്. ആനപ്പാറ മണലി, കല്ലാർ നാരകത്തിൻകാല ആദിവാസി മേഖലകളിലെ ആദിവാസികുട്ടികളുടെയും പാവപ്പെട്ട വിദ്യാർത്ഥികളുടെയും അത്താണി കൂടിയാണ് ഇൗ സ്കൂൾ. ആനപ്പാറസ്കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനപ്പാറ ഗവ. ഹൈസ്കൂളിൽ പുതുയ മന്ദിരം നിർമ്മിക്കുവാനായി ഒരു കോടി രൂപ അനുവദിച്ച കെ.എസ്. ശബരിനാഥൻ എം.എൽ.എക്ക് ആനപ്പാറ മഹാത്മാ സാംസ്കാരികസമിതി അഭിനന്ദനം രേഖപ്പെടുത്തി.
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടുന്ന ആനപ്പാറ സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രശ്‌നമായിരുന്നു. പുതിയ കെട്ടിടം വരുന്നതോടെ ഇവയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും. ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും സാങ്കേതിക അനുമതി കൂടി ലഭ്യമാക്കി ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് എം.എൽ.എ അറിയിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ കുട്ടികളും വിജയം നേടിയാൽ പുതിയ മന്ദിരം നിർമ്മിക്കാൻ തുക അനുവദിക്കുമെന്ന് നേരത്തെ സ്കൂളിൽ നടന്ന ചടങ്ങിൽ എം.എൽ.എ ഉറപ്പ് നൽകിയിരുന്നു. അതാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. തുക അനുവദിക്കുന്നതിന് മുന്നോടിയായി എം.എൽ.എയുടെ നിർദേശാനുസരണം ഉദ്യോഗസ്ഥർ എത്തി സ്കൂൾ സന്ദർശിച്ചു അപര്യാപ്തതകൾ മനസിലാക്കി എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. തുടർന്നാണ് പുതിയ മന്ദിരത്തിനു തുക അനുവദിച്ചത്.