തിരുവനന്തപുരം: കോളേജുകളിലെ അദ്ധ്യാപക തസ്തിക വെട്ടിക്കുറയ്ക്കാനുള്ള ഫിനാൻസ് ഡിപ്പാർട്ട്മെന്റ് നീക്കത്തിനെതിരെ എ.കെ.പി.സി.ടി.എ സമരത്തിലേക്ക്. യു.ജി.സി നിയമങ്ങൾക്ക് വിരുദ്ധമായി പി.ജി വർക്ക് ലോഡ് വെട്ടിക്കുറയ്ക്കുന്നതും ഒൻപത് മണിക്കൂറിന് ഒരു തസ്തിക എന്ന നിർണയം നിറുത്തലാക്കാനുള്ള നീക്കമാണ് വകുപ്പ് നടത്തുന്നത്. ദേവസ്വം ബോർഡ് കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ എയ്ഡഡ് കോളേജുകളിലും ഒഴിവുകളുള്ള തസ്തികകൾ നികത്തുവാനുമുള്ള അനുവാദം പോലും കൊടുക്കാതെ എയ്ഡഡ് കോളേജുകളുടെ പ്രവർത്തനം തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. എയ്ഡഡ് കോളേജുകളിലെ പി.ജി വർക്ക്ലോ‌ഡ് അനുപാതം അട്ടിമറിച്ച് നിലവിലുള്ള തസ്തികകൾ വെട്ടിക്കുറയ്ക്കുവാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നൽകി.