തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശകൾ എന്തുതന്നെയായാലും കേരളത്തിന് കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതത്തിൽ കാര്യമായ വർദ്ധനവുണ്ടാകില്ലെന്ന് വിദഗ്ദ്ധരുടെ അഭിപ്രായം. കേന്ദ്ര നികുതി വിഹിതത്തിൽ നിന്ന് 42 ശതമാനമാണ് ഇപ്പോൾ സംസ്ഥാനങ്ങൾക്കായി വീതിച്ചു നൽകുന്നത്. കേരളത്തിന് ആകെയുള്ള ഡിവിസിബിൾ പൂളിന്റെ 2.51 ശതമാനമാണ് ലഭിക്കുക. 14ാം ധനകാര്യ കമ്മിഷനാണ് നേരത്തെ 32ശതമാനമുണ്ടായിരുന്ന നികുതി വിഹിതം 42 ആക്കി ഉയർത്തിയത്. ഇത് വീണ്ടും കുറയ്ക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഇത് 42 ശതമാനമായി നിലനിറുത്തിയാലും കേരളത്തിന് കാര്യമായി വിഹിതം കൂടാനില്ലെന്നാണ് ധനകാര്യ വിദഗ്ദ്ധർ പറയുന്നത്. ആദായ നികുതി, ജി.എസ്. ടി എന്നിവയിൽ കാര്യമായ നേട്ടമില്ലാതായതോടെ കേന്ദ്രത്തിന്റെ വരുമാനത്തിലും കാര്യമായ വർദ്ധനവ് വരാത്തതാണ് ആശങ്കയ്ക്ക് കാരണം.
കമ്മിഷൻ ഇപ്പോൾ നൽകുന്ന റിപ്പോർട്ടിനനുസരിച്ചായിരിക്കും ഈ സാമ്പത്തിക വർഷത്തെ ധനകാര്യ കമ്മിഷൻ വിഹിതം ലഭിക്കുക. തുടർന്ന് 2021-22 മുതൽ 2025-26 വരെയുള്ള കാലഘട്ടത്തിലേക്കുള്ള റിപ്പോർട്ടും കമ്മിഷൻ നൽകും. അതിന് ഒക്ടോബർ വരെ കേന്ദ്രസർക്കാർ സമയം നീട്ടി നൽകിയിട്ടുണ്ട്. പ്രധാനമായും കേന്ദ്ര നികുതിയുടെ എത്ര ശതമാനം സംസ്ഥാനങ്ങൾക്കായി വിഭജിച്ചു നൽകണമെന്നതാണ് ധനകാര്യ കമ്മിഷന്റെ ജോലി. 2017ലാണ് എൻ.കെ. സിംഗിന്റെ നേതൃത്വത്തിലുള്ള ധനകാര്യ കമ്മിഷനെ നിയമിച്ചത്. പ്ലാനിംഗ് കമ്മിഷനെ മാറ്രി നീതി ആയോഗ് രൂപീകരിക്കൽ, പദ്ധതി, പദ്ധതിയേതര വ്യത്യാസം ഒഴിവാക്കൽ , പൂർണ ബഡ്ജറ്ര് ഒരുമാസം മുമ്പ് അവതരിപ്പിച്ച് പാസ്സാക്കൽ , എഫ്.ആർ.ബി.എം ആക്ടിൽ ഭേദഗതി വരുത്തൽ , ജി.എസ്.ടി നടപ്പാക്കൽ തുടങ്ങിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ പശ്ചാത്തലത്തിൽ ധനകാര്യ കമ്മിഷന്റെ കാലാവധി കേന്ദ്രസർക്കാർ നീട്ടിനൽകുകയായിരുന്നു. നേരത്തെ 2024-25 വരെയായിരുന്നു പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ കാലാവധിയായി തീരുമാനിച്ചിരുന്നത്. .
പതിനഞ്ചാം ധനകാര്യ കമ്മിഷന്റെയും റിസർവ് ബാങ്കിന്റെയും രണ്ട് നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് ഭീഷണിയായി ഇപ്പോഴും നിലനിൽക്കുന്നുണ്ട് . കേന്ദ്രസർക്കാരിന്റെ വരുമാനത്തിന്റെ 15 ശതമാനത്തോളം വരുന്ന സെസും സർചാർജും ഡിവിസിബിൾ പൂളിൽ നിന്ന് ഒഴിവാക്കണമെന്നാണ് റിസർവ് ബാങ്ക് നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ വീതിച്ചുനൽകുന്നത് 85 ശതമാനത്തിന്റെ 42 ശതമാനമായ 35.7 ശതമാനമായി കുറയും. രണ്ടാമത്തേത് സൈനിക ചെലവുകളും ആഭ്യന്തര സുരക്ഷിതത്വത്തിനായുള്ള ചെലവുകളും കേന്ദ്ര വരുമാനത്തിൽ നിന്ന് കുറയ്ക്കണമെന്നതാണ് . കഴിഞ്ഞ സാമ്പത്തിക വർഷം 4,31,011കോടി രൂപ പ്രതിരോധത്തിനും80,599 കോടി രൂപആഭ്യന്തര സുരക്ഷിതത്വത്തിനുമായി സർക്കാർ നീക്കിവച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ടിലേ ഇതു സംബന്ധിച്ച അന്തിമ തീരുമാനം വരികയുള്ളൂ. ഇതും സംസ്ഥാനങ്ങൾക്കുള്ള സഹായത്തെ പ്രതികൂലമായി ബാധിക്കും.