തിരുവനന്തപുരം: സൂപ്പർ, മെഗാതാരങ്ങളുടേതല്ലാതെ ഇന്നലെ തിയേറ്ററുകളിൽ എത്തിയ നാല് സിനിമകളെയും വരവേറ്റ് പ്രേക്ഷകർ. ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയൻ ഒരുക്കിയ അന്വേഷണം, തിരക്കഥാകൃത്തായ ആനന്ദ് മേനോൻ സംവിധാനം ചെയ്ത ഗൗതമന്റെ രഥം, ജെനിത് കാച്ചപ്പള്ളി സംവിധാനം ചെയ്ത മറിയം വന്ന് വിളക്കൂതി, ഇർഷാദ് ഹമീദ് ഒരുക്കിയ ഒരു വടക്കൻ പെണ്ണ് എന്നിവയാണ് ഇന്നലെ തിയേറ്ററുകളിലെത്തിയത്.
ലില്ലി എന്ന ത്രില്ലർ സിനിമയ്ക്ക് ശേഷം പ്രശോഭ് വിജയൻ ഒരുക്കിയ അന്വേഷണം മാദ്ധ്യമ പ്രവർത്തകനായ അരവിന്ദന്റെ കുടുംബജീവിതത്തിലുണ്ടാകുന്ന ആകസ്‌മിക സംഭവത്തെ അതിവൈകാരികമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു ഇമോഷണൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ സിനിമയുടെ കഥ പ്രേക്ഷകരുടെ മനസിനെ മഥിക്കാൻ പോന്നതാണ്. നായകൻ ജയസൂര്യയുടെ അഭിനയമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ആനന്ദ് മേനോൻ സംവിധാനം ചെയ്ത ഗൗതമന്റെ രഥം എന്ന സിനിമ ഏറ്റവും വില കുറഞ്ഞ കാറായ നാനോ സ്വന്തമാക്കിയ യുവാവിന്റെ കഥയാണ് പറയുന്നത്. ഗൗതമന്റെ ജീവിതത്തിൽ നിർണായക സാന്നിദ്ധ്യമായി കാർ മാറുന്നത് എങ്ങനെയെന്ന് പറയുകയാണ് സംവിധായകൻ. നീരജ് മാധവ്, പുണ്യ എലിസബത്ത് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.
മലയാള സിനിമാപ്രേക്ഷകർക്ക് അത്ര കണ്ട് പരിചയമില്ലാത്ത സ്റ്റോണർ ശാഖയിലുള്ളതാണ് നവാഗതനായ ജെനിത് കാച്ചപ്പിള്ളിയുടെ മറിയം വന്ന് വിളക്കൂതി എന്ന സിനിമ. അഞ്ച് സുഹൃത്തുക്കൾ താമസിക്കുന്ന മറിയാമ്മ എന്ന വൃദ്ധയുടെ വീട്ടിലെ ഒരു മുറിയിൽ ഒറ്റരാത്രി ഉണ്ടാകുന്ന സംഭവങ്ങളാണ് കഥാതന്തു. സിജോ വിത്സൻ, അൽത്താഫ്, കൃഷ്ണശങ്കർ, ശബരീഷ് വർമ, എം.എ.ഷിയാസ്, സേതുലക്ഷ്മി എന്നിവരാണ് താരങ്ങൾ.
കാമുകനെ അന്വേഷിച്ച് ബംഗാളിൽ നിന്ന് കേരളത്തിലെത്തുന്ന പെൺകുട്ടിക്ക് ഉണ്ടാകുന്ന ദുരനുഭവമാണ് ഇർഷാദിന്റെ ഒരു വടക്കൻ പെണ്ണ് എന്ന സിനിമയുടെ ഇതിവൃത്തം. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം സഹായം തേടുന്ന സ്ത്രീ അനുഭവിക്കാനിടയാകുന്ന ചൂഷണങ്ങളെയും തുറന്നുകാട്ടുന്നു. വിജയ് ബാബു, അഞ്ജലി നായർ, സോന നായർ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.