തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ നഗരമായി തിരുവനന്തപുരത്തെ ഉയർത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഹിരാകാശ സങ്കേതികവിദ്യകളിലൂടെ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനായി നവ ബഹിരാകാശം അവസരങ്ങളും മുന്നോട്ടുള്ള വഴികളും എന്ന സ്‌പെയ്‌സ് പാർക്കിന്റെ 'എഡ്ജ് 2020' ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി .

ബഹിരാകാശ വ്യവസായത്തിന് അനുകൂലമായ മികച്ച അന്തരീക്ഷമാണ് സംസ്ഥാനത്തിന്റേത്. ഐ.എസ്.ആർ.ഒയുടെ ശാസ്ത്രസങ്കേതിക പ്രവർത്തനങ്ങളുടെ പകുതിയോളം നടക്കുന്നത് തിരുവനന്തപുരത്താണ്. കൂടാതെ രാജ്യത്തെ ഏക ബഹിരാകാശ സർവകലാശാലയുടെ സാന്നിദ്ധ്യവും ഇവിടെയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്‌ട്രെക്ചർ ലിമിറ്റഡിനു കീഴിലുള്ളതാണ് സ്‌പെയ്‌സ് പാർക്ക്. ബഹിരാകാശവുമായി ബന്ധപ്പെട്ട സങ്കേതികവിദ്യ, ഗവേഷണം, വികസനം എന്നിവയ്ക്കുള്ള സുപ്രധാന കേന്ദ്രമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നൂതനാശയങ്ങളെ ഉല്പന്നങ്ങളാക്കി വിപണിയിലെത്തിക്കാൻ സഹായിക്കുന്ന കേന്ദ്ര സർക്കാരിന്റെ ദേശീയ സങ്കേതികവിദ്യ വാണിജ്യവത്ക്കരണ പരിപാടിയായ അഗ്‌നിയെ സംസ്ഥാന സർക്കാരുമായി ബന്ധിപ്പിക്കാൻ സന്നദ്ധമാണെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. അർബിന്ദ മിത്ര അറിയിച്ചു. സുപ്രധാന നഗരങ്ങളിൽ നടപ്പാക്കുന്ന സിറ്റി നോളജ് ഇന്നെവേഷൻ ക്ലസ്റ്ററിനെ കേരളവുമായി സഹകരിപ്പിക്കുന്നതിനും തയ്യാറാണ്.

രാജ്യത്തെ ബഹിരാകാശ വ്യവസായത്തിൽ ഐ.എസ്.ആർ.ഒയെക്കൂടാതെ സ്വകാര്യമേഖലയുടേയും പങ്കാളിത്തം അനിവാര്യമാണ്.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും സംസ്ഥാന സർക്കാരുമായുള്ള ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സി.ഐ.ഐ കേരള മേധാവി ജോൺ കുരുവിളയും സ്‌പെയ്‌സ് പാർക്ക് സ്‌പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പും കൈമാറി.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, ഫ്രഞ്ച് കോൺസൽ ജനറൽ കാതറിൻ സുവാർഡ്, യു.എ.ഇ കോൺസുലേറ്റ് പ്രതിനിധി റാഷദ് ഖമീസ് അൽഷെമേലി, ബ്രിട്ടീഷ് ഹൈക്കമ്മിഷനിലെ സയൻസ് ആൻഡ് ഇന്നവേഷൻ മേധാവി സാറാ ഫലോൺ, വി.എസ്.എസ്. സി ഡെപ്യൂട്ടി ഡയറക്ടർ റോയ് എം. ചെറിയാൻ എന്നിവരും കോവളം റാവീസ് ബീച്ച് റിസോർട്ടിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

ബഹിരാകാശ സങ്കേതികവിദ്യാ മേഖലയിലെ ആഗോള വിദഗ്ദ്ധരും വ്യവസായ പ്രമുഖരും അണിനിരന്ന ഉച്ചകോടിയിൽ ഐ.എസ്.ആർ.ഒ, എയർബസ്, സി.എൻ.ഇ.എസ്, എൽ.എ.എസ് പി, സ്‌പെയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.