trafic

കഴക്കൂട്ടം: എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കഴക്കൂട്ടത്തെ 300 മീറ്റർ ദേശീയപാത അടച്ചിട്ട് ഇന്ന് മുതൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് നടത്തിയ പരീക്ഷണം പാളി. തിരുവനന്തപുരത്ത് നിന്ന് കഴക്കൂട്ടത്ത് എത്തുന്ന വാഹനങ്ങൾ മാർക്കറ്റ് റോഡ് വഴി തിരിച്ചുവിട്ടത് വൻ ഗതാഗതക്കുരുക്കിന് ഇടയാക്കി. ആറ്റിങ്ങൽ,​ ടെക്നോപാർക്ക്,​ കാര്യവട്ടം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽപ്പെട്ടു. കഴക്കൂട്ടം പൊലീസിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് നാലു മുതൽ വാഹനങ്ങൾ വഴി തിരിച്ചുവിട്ടത്. ഇതോടെ മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസുകളടക്കം നിരവധി വാഹനങ്ങൾ കുരിക്കിൽപ്പെട്ടു. നിരവധി പൊലീസുകാരെ സ്ഥലത്തെത്തിച്ച് കുരുക്കഴിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കഴക്കൂട്ടം ബൈപാസ് ജംഗ്ഷൻ മുതൽ സി.എസ്.ഐ ആശുപത്രിവരെ ഇരുവശത്തും സർവീസ് റോഡ് നിർമ്മിച്ച് അതുവഴി വാഹനങ്ങൾ തിരിച്ചുവിട്ട് എലിവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു.