തിരുവനന്തപുരം : അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ ഭരണസമിതി അംഗവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പ്രസിഡന്റുമായ ഡോ. നരേന്ദ്ര ധ്രുവ് ബത്ര ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം ജില്ലകൾ സന്ദർശിക്കും. ഇന്ന് വൈകിട്ട് 7.30ന് തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന അദ്ദേഹത്തിന് കായിക താരങ്ങളും കായിക സംഘടനകളും ചേർന്ന് സ്വീകരിക്കും. തുടർന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹം ഹോട്ടൽ ഹിൽട്ടണിൽ എത്തിച്ചേരും. നാളെ രാവിലെ 6.15ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനുശേഷം രാവിലെ 10ന് കേരള ഒളിമ്പിക് അസോസിയേഷന്റെ വഴുതയ്ക്കാട്ടെ ഒളിമ്പിക് ഭവൻ സന്ദർശിക്കും. 11ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം പൗരാവലി സ്വീകരണം നൽകും. തുടർന്നുള്ള യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ കെ. ശ്രീകുമാർ, മേഴ്സികുട്ടൻ (പ്രസിഡന്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ), എം. വിജയകുമാർ (ചെയർമാൻ, കെ.ടി.ഡി.സി), വി. സുനിൽകുമാർ ( ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്), എസ്. രാജീവ് (ഒളിമ്പിക് അസോ. സെക്രട്ടറി), എം. ആർ. രഞ്ജിത് (ഒളിമ്പിക് അസോ. ട്രഷറർ) എന്നിവർ ചടങ്ങിൽ പങ്കെടുക്കും. യോഗത്തിൽ 2020 ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യമുദ്രയുടെ സംസ്ഥാനതല ഉദ്ഘാടനവും ബത്ര നിർവഹിക്കും. ഉച്ചയ്ക്ക് 12.30ന് മസ്കറ്റ് ഹോട്ടലിൽ അദ്ദേഹം പത്രസമ്മേളനവും നടത്തും. വൈകിട്ട് 4ന് കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ സ്വീകരണം. തുടർന്ന് രാത്രി 8 ന് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹത്തിന്റെ ഒൗദ്യോഗിക വസതിയിൽ വച്ച് കൂടിക്കാഴച നടത്തും. 3ന് രാവിലെ 8ന് മന്ത്രി ഇ.പി. ജയരാജനുമായി നിയമസഭ കോംപ്ളക്സിൽ കൂടിക്കാഴച നടത്തും.