കമ്പളക്കാട്: ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് വടിവാളുകൾ കണ്ടെത്തി. കമ്പളക്കാട് ടൗണിനോട് ചേർന്ന് പഴയ സാംസ്‌കാരിക നിലയം സ്ഥിതിചെയ്തിരുന്ന സ്ഥലത്തെ ചേമ്പിൻകാടിനുള്ളിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള രണ്ട് വടിവാളുകൾ കണ്ടെത്തിയത്. വടിവാളുകളിൽ ഒന്നിന് ഏകദേശം 85 സെന്റിമീറ്റർ നീളവും, മറ്റേതിന് 75 സെന്റിമീറ്റർ നീളവുമുണ്ട്. ഒരെണ്ണം തുരുമ്പെടുത്തിട്ടുണ്ട്. രണ്ടാമത്തേത് സ്റ്റീൽ മിശ്രിതമായതിനാൽ തുരുമ്പില്ല. പ്രദേശവാസിയായ ഒരാളാണ് ആദ്യം വാളുകൾ കണ്ടത്. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ കമ്പളക്കാട് എസ്.ഐ വി.പി ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം വാളുകൾ കസ്റ്റഡിയിലെടുത്തു. ആയുധനിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.