കല്പറ്റ: വീട്ടുവളപ്പിലെ കിണറ്റിൽ വീണ പുള്ളിപ്പുലിയെ വനപാലകരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശ്രമത്തിലൂടെ സാഹസികമായി വലയിലാക്കി രക്ഷിച്ചു. മയക്കുവെടിവച്ച ശേഷമാണ് വലയിലാക്കിയത്. വൈത്തിരി വട്ടവയലിൽ ഗോപിയുടെ വീട്ടിലെ കിണറ്റിലാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ മൂന്ന് വയസുള്ള ആൺപുലി വീണത്. ഇര തേടുന്നതിനിടെ അബദ്ധത്തിൽ വീണതാണെന്ന് കരുതുന്നു.
കഴിഞ്ഞ ദിവസം അർദ്ധരാത്രി കിണറിന്റെ ഭാഗത്തുനിന്ന് വീട്ടുകാർ അസ്വാഭാവിക ശബ്ദം കേട്ടിരുന്നു. ആനയിറങ്ങുന്ന പതിവുള്ളതിനാൽ പേടിച്ച് ആരും പുറത്തിറങ്ങിയില്ല. ഇന്നലെ രാവിലെ ആറരയോടെ ഗോപിയും മകൻ അനൂപും കിണറ്റിൽ നോക്കിയപ്പോഴാണ് പുള്ളിപ്പുലിയെ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിച്ചു. ഏഴു മണിയോടെ സ്ഥലത്തെത്തിയ വനപാലകസംഘം റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെയും ഫയർഫോഴ്‌സിന്റെയും സഹായത്തോടെ രക്ഷാപ്രവർത്തനം തുടങ്ങി. ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയാണ് പുലിയെ മയക്കുവെടിവച്ചത്. തുടർന്ന് വലയിലാക്കിയ ശേഷം വടം ഉപയോഗിച്ച് പുറത്തെടു
ത്ത് പൂക്കോടുള്ള ഒബ്‌സർവേഷൻ സെന്ററിലേക്ക് മാറ്റി. പുലിക്ക് കാര്യമായ പരിക്കില്ല. നിരീക്ഷണത്തിനു ശേഷം കാട്ടിൽ വിടും.