വീട്ടുകി​ണറ്റി​ൽ പുലി​

വൈത്തിരി: ആനയും പുലിയും നാട്ടിലിറങ്ങുന്നത് പതിവായതോടെ ജനങ്ങൾക്ക് ഉറക്കമില്ലാതായി. വയനാട്ടിൽ വനാതിർത്തികളിൽ മാത്റമല്ല ജനവാസ കേന്ദ്റങ്ങളി​ലെല്ലാം താമസിക്കുന്നവർ വന്യമൃഗ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. പട്ടാപ്പകൽ പോലും കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുകയാണ്.

കാത്ത് സൂക്ഷിച്ച കാർഷിക വിളകൾ എല്ലാം നശിപ്പിച്ചാണ് കാട്ടി​ൽനി​ന്നി​റങ്ങുന്ന വന്യമൃഗങ്ങളുടെ മടക്കം.

ഇന്നലെ വൈത്തിരിയിൽ ഒരു പുളളിപ്പുലി കിണറ്റിൽ വീണു.

വൈത്തിരി വട്ടവയലിൽ പ്രദേശവാസിയായ ശോഭാനിവാസിൽ ഗോപിയുടെ വീട്ടിലെ കിണറ്റിലാണ് വെള്ളിയാഴ്ച രാവിലെ 6.30 ഓടെ പുള്ളിപ്പുലിയെ കണ്ടത്. സംഭവമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ പുലിയെ കാണാൻ ഓടിക്കൂടി.

ജനവാസ മേഖലയിൽ പുലി ഇറങ്ങിയതിൽ പ്രദേശവാസികൾ ഭീതിയിലാണ്. കാട്ടാനകൾ ഇറങ്ങാറുണ്ടെങ്കി​ലും ഇതിനു മുൻപ് ഈ പ്രദേശത്ത് പുലിയെ കണ്ടി​ട്ടില്ല.

പുലർച്ച വീട്ടി​ലെ കിണറിൽ നിന്ന് ശബ്ദം കേട്ടതായി ഗോപി പറയുഞ്ഞു. കാട്ടാനയായി​രി​ക്കുമെന്ന് കരുതി​ പുറത്തിറങ്ങിയില്ല. വീടിന്റെ പുറത്ത് കാട്ടുപന്നിയുടേത് പോലുള്ള കാൽപ്പാടുകൾ കണ്ടിരുന്നു. ഇരപിടിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് സംശയം.

സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ, വെറ്ററി​നറി കോളേജിലെ ഡോക്ടർമാർ, റാപ്പിഡ് റെസ്‌പോൺസ് ടീം, ഫയർ ഫോഴ്‌സ്, പൊലിസ് എന്നിവർ സ്ഥലത്തെത്തി.

പൂർണ ആരോഗ്യമുള്ള പുലിയെ കിണറിൽ നിന്ന് പുറത്തെത്തിക്കുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ 12 മണിയോടെ മയക്കുവെടിവെച്ച് മയക്കി​യ ശേഷം പുലിയെ കിണറ്റിൽ നിന്ന് കരകയറ്റി.

കൂട്ടിലാക്കിയ പുലിയെ ചികിത്സയ്ക്കായി പൂക്കോടുള്ള ഒബ്‌സർവേഷൻ സെന്ററിലേക്ക് കൊണ്ടുപോയി. പുലിക്ക് കാര്യമായ പരിക്കുകളില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടികൾ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് വന്യമൃഗശല്യത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പുലി കിണറിൽ വീണത് നന്നായെന്നും കൂടുതൽ വലിയ അപകടങ്ങൾ അതുകൊണ്ട് ഒഴിവായെന്നുമാണ് നാട്ടുകാർ പറയുന്നത്.