road
കൽപ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി മുടങ്ങിയ നിലയിൽ

പടിഞ്ഞാറത്തറ: പ്രവൃത്തി നിറുത്തിവെക്കേണ്ടി വന്ന കൽപ്പറ്റ - വാരാമ്പറ്റ റോഡിന്റെ കാര്യത്തിൽ അനിശ്ചിതത്വം നീളുന്നു. പണി പുനരാരംഭിക്കാത്ത സാഹചര്യത്തിൽ തീരാദുരിതത്തിലാണ് ആയിരക്കണക്കിന് യാത്രക്കാർ. റോഡ് പാടെ പൊളിച്ചിട്ട അവസ്ഥയിൽ പൊടിശല്യവും രൂക്ഷമാണ്.

പ്രവൃത്തിയുടെ കാലതാമസം, ഗുണനിലവാരമില്ലായ്മ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചുള്ള കിഫ്ബിയുടെ ഉത്തരവ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതോടെയാണ് പണി നിറുത്തി വെച്ചത്. ഡിസംബർ 11നായിരുന്നു സ്‌റ്റോപ്പ് മെമ്മോ. നിർമ്മാണ കരാർ അനുസരിച്ച് രണ്ട് മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കേണ്ടതായിരുന്നു. പക്ഷേ, ഇതിനിടയ്ക്ക് മുപ്പത് ശതമാനത്തിൽ താഴെ പ്രവൃത്തി മാത്രമേ നടന്നിട്ടുള്ളൂ.

അപാകതകൾ അടിയന്തരമായി പരിഹരിച്ച് റോഡ് നിർമ്മാണം പുനരാരംഭിക്കണമെന്ന ആവശ്യവുമായി റോഡ് ആക്‌ഷൻ കമ്മിറ്റിയും ജനപ്രതിനിധികളും ബന്ധപ്പെട്ടപ്പോൾ, അനിവാര്യമായ പരിശോധനകൾക്കു പിറകെ എത്രയും വേഗം പണി വീണ്ടും തുടങ്ങുമെന്ന് അധികൃതർ അറിയിച്ചതാണ്. ഡിസംബർ 28ന് കിഫ്ബിയുടെ സാങ്കേതിക വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം പരിഹരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, തുടർനടപടികൾ ഇനിയും വേഗത്തിലായിട്ടില്ല.

നിരന്തര സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായാണ് നേരത്തെ പ്രവൃത്തി ആരംഭിച്ചത്.
ജില്ലയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ഈ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ കാരണം ഇപ്പോൾ ആയിരങ്ങൾ കഷ്ടതയനുഭവിക്കുകയാണ്. വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റുന്നതും ടയറുകൾ പൊട്ടുന്നതടക്കമുള്ള പ്രശ്‌നങ്ങൾ കാരണം ബസ്സുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവായിരിക്കുകയാണ്.

''രോഗികളെ വൈകാതെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ. എത്രയും പെട്ടെന്ന് റോഡ് പ്രവൃത്തി പുനരാംഭിച്ചേ പറ്റൂ.

എം.എ ജോസഫ്

ചെയർമാൻ,

കൽപ്പറ്റ - വാരാമ്പറ്റ റോഡ്

ആക്‌ഷൻ കമ്മിറ്റി