മാനന്തവാടി: മൂന്ന് വർഷം മുമ്പേ പ്ലാസ്റ്റിക്കിനോട് ഗുഡ് ബൈ പറഞ്ഞതാണ് തവിഞ്ഞാലിലെ വിദ്യാർത്ഥികളും അദ്ധ്യപകരും. മാതൃകാ പ്രവർത്തനത്തിലൂടെ പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിനിൽ തലയുയർത്തി നിൽക്കുകയാണ് തവിഞ്ഞാൽ പഞ്ചായത്ത്.
മുഴുവൻ സ്‌കൂളുകളിലും പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്‌കൂളിലെ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി ആദ്യഘട്ടത്തിൽ കുട്ടികൾക്ക് മഷിക്കുപ്പിയും പേനയും നൽകി. 2017 - 18 കാലയളവിൽ ആദ്യഘട്ടത്തിൽ 50,000 രൂപ വകയിരുത്തി 970 കുട്ടികൾക്കാണ് നൽകിയത്. 2018 - 19 വർഷത്തിൽ 1290 കുട്ടികൾക്കായി ഒരു ലക്ഷം രൂപ വകയിരുത്തി മഷിക്കുപ്പിയും പേനയും നൽകി. ഘട്ടംഘട്ടമായുള്ള പ്രവർത്തനങ്ങളിലൂടെ വലിയ മാറ്റം കൊണ്ടുവരികയായിരുന്നു ഇവിടെ. ഈ സാമ്പത്തിക വർഷത്തിൽ രണ്ടു ലക്ഷം രൂപ വകയിരുത്തി 2051 കുട്ടികൾക്കായി പദ്ധതി നടപ്പാക്കുകയാണ്.
വിദ്യാലയങ്ങളിൽ പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷമായി സ്‌കൂളുകളിലെ പ്ലാസ്റ്റിക് ഉപയോഗം തീർത്തും ഒഴിവാക്കി. സ്‌കൂളിലേക്ക് ആവശ്യമായ സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും പാത്രങ്ങളും ലഭ്യമാക്കിയിരുന്നു.
പഞ്ചായത്ത് പരിധിയിലെ മുഴുവൻ പൊതുപരിപാടികളിലും പ്ലാസ്റ്റിക് പടിക്ക് പുറത്താണ്.