സുൽത്താൻ ബത്തേരി: എട്ടു മാസം മുമ്പ് കേടായ കെ.എസ്.ആർ.ടി.സി ബത്തേരി ഡിപ്പോയിലെ ജനറേറ്ററിന് ഇനിയും രക്ഷയായില്ല. വൈദ്യുതി ബന്ധം നിലച്ചാൽ പിന്നെ ഡീസൽ ബങ്കിൽ നിന്നുള്ള വിതരണം മുടങ്ങും. കറന്റ് വരുന്നതും കാത്ത് ചിലപ്പോൾ ബസ്സുകൾക്ക് മണിക്കൂറുകളോളം കാത്തുകഴിയേണ്ടി വരുന്നു.
അന്തർ സംസ്ഥാന അതിർത്തിയോട് ചേർന്ന ഡിപ്പോയാണെന്നിരിക്കെ ദീർഘദൂര ബസ്സുകൾ മിക്കതും ഇന്ധനം നിറയ്ക്കുന്നത് ഇവിടെ നിന്നാണ്. വന്നെത്തുന്ന നേരം ശരിയല്ലെങ്കിൽ പിന്നെ കുടുങ്ങിയതുതന്നെ.
ജനറേറ്റർ കേടായപ്പോൾ തന്നെ വിവരം യഥാസമയം ഉന്നതാധികൃതരെ അറിയിച്ചതാണ്. പക്ഷേ, ജനറേറ്റർ നന്നാക്കാനോ പകരം മറ്റൊന്ന് സ്ഥാപിക്കാനോ ഇതുവരെ ഒരു നീക്കവുമുണ്ടായില്ല. ഫണ്ടില്ലെന്നതു തന്നെ പ്രശ്നം. രാത്രിയാണ് കറന്റ് പോയതെങ്കിൽ പിന്നെ ഡിപ്പോയാകെ ഇരുട്ടിലാവും. മെക്കാനിക് വിംഗിന്റെയുൾപ്പെടെ പണിയും മുടങ്ങും.
രാത്രി ഒൻപത് മണിക്ക് ശേഷം കർണാടകയിലേക്ക് ബത്തേരി, മുത്തങ്ങ വഴി വാഹനങ്ങൾ കടത്തിവിടുന്നില്ല. ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടി ഡിപ്പോയിൽ കുടുങ്ങിയ ബസ്സുകൾ പലപ്പോഴും വൈകിയെത്തുമ്പോൾ സമയപരിധിയുടെ പ്രശ്നത്തിൽ തടഞ്ഞ സംഭവമുണ്ടാവാറുണ്ട്.
വന്യജീവി സങ്കേതത്തോട് ചേർന്നാണ് ഈ ഡിപ്പോ. രാത്രി ഇരുട്ടിലാണ്ടു കഴിഞ്ഞാൽ ഡിപ്പോയിലെ യാത്രക്കാർക്കെന്ന പോലെ ബസ് ജീവനക്കാർക്കും തീരാത്ത പേടിയാണ്.
ജനറേറ്റർ നന്നാക്കിക്കിട്ടാൻ ഇതിനിടയ്ക്ക് പല തവണ ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥർക്ക് എഴുതിയതാണ്. നന്നാക്കുമെന്നോ ഇല്ലെന്നോ കാണിച്ച് മറുപടിയൊന്നുമില്ലെന്നു മാത്രം.