കൽപ്പറ്റ: കൽപ്പറ്റയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മിന്നൽ ബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം തനിക്കുണ്ടായ കയ്‌പേറിയ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് വെള്ളമുണ്ട ഹൈസ്‌കൂളിലെ അദ്ധ്യാപികയായ റോഷ്‌നി. തിരുവനന്തപുരത്ത് പഠിക്കുന്ന മകനെ കയറ്റിവിടാനായി, 10.30ന് കൽപ്പറ്റയിലെത്തുന്ന ബസ്സിനായി 9.30ന് കൽപ്പറ്റയിലെത്തിയ റോഷ്‌നിക്ക് രാത്രിയിൽ അടിവാരം വരെ കാർ ഓടിച്ച് ബസ്സിനെ പിൻതുടർന്ന് പിടികൂടേണ്ട ഗതികേടാണ് ഉണ്ടായത്.
അദ്ധ്യാപികയുടെ ഫെയ്സ്ബുക്കിൽ പറയുന്നത് ഇങ്ങനെ:
ജനുവരി രണ്ടാം തീയതി എനിക്കുണ്ടായ അനുഭവം നിങ്ങളുമായി പങ്കുവയ്ക്കുന്നു, തിരുവനന്തപുരത്ത് പഠിക്കുന്ന എന്റെ മകനെ ബസ്സ് കയറ്റാൻ പോയതായിരുന്നു.കെ.എസ്.ആർ.ടി.സി. മിന്നലിൽ
549 രൂപ അടച്ച് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാത്രി 10.30ന് ബത്തേരിയിൽ നിന്നു വരുന്ന ബസ്സ് ആയിരുന്നു.
ഭർത്താവ് സ്ഥലത്തില്ലാതിരുന്നതിനാൽ ഞാൻ തന്നെയാണ് മാനന്തവാടിയിൽ നിന്ന് കാർ ഓടിച്ചത്. ഇളയ മകനെയും മകന്റെ സുഹൃത്തിനെയും കൂടെ കൂട്ടി. 9.30 ആയപ്പോൾ കൽപ്പറ്റയിൽ എത്തി. ടിക്കറ്റിൽ ബോർഡിങ് പോയന്റ് കൽപ്പറ്റ എന്നു മാത്രമേ കാണിച്ചിട്ടുള്ളൂ. പുതിയ സ്റ്റാന്റിനുമുന്നിലാണ് കാർ നിർത്തിയത്.
സാധാരണ ബസ് ബുക്ക് ചെയ്തു കഴിഞ്ഞാൽ കണ്ടക്ടർ വിളിച്ച് സീറ്റ് ഉറപ്പിക്കും.ബസ് എത്തുന്ന സമയവും,നിർത്തുന്ന സ്ഥലവും പറയും. എന്നാൽ അന്ന് ആരും വിളിച്ചില്ല. 10.19 മുതൽ ഞങ്ങൾ നിരന്തരം ഫോൺ വിളിച്ചെങ്കിലും കണ്ടക്ടർ ഫോൺ എടുത്തില്ല.
ഒടുവിൽ 10.31 ന് കണ്ടക്ടർ ഫോൺ എടുത്തു.പഴയ ബസ്സ്സ്റ്റാന്റിൽ ബസ് എത്തിയെന്നു പറഞ്ഞു.ബസ് ഇവിടെ നിർത്തില്ലേ ചേട്ടാ എന്നു ചോദിച്ചപ്പോൾ പഴയ സ്റ്റാന്റിൽ തന്നെ വരണമെന്നു പറഞ്ഞു. പല പ്രാവശ്യം പറഞ്ഞെങ്കിലും അയാൾ സമ്മതിച്ചില്ല. പെട്ടന്നു കാറിൽ അങ്ങോട്ടേക്ക് തിരിച്ചു. പിണങ്ങോട് ജംഗ്ഷനിലെത്തിയപ്പോൾ കണ്ടത് ബസ് പോകുന്നതായിരുന്നു. .
വീണ്ടും കണ്ടക്ടറെ വിളിച്ച് തൊട്ടുപുറകിൽ ഞങ്ങളുണ്ടെന്ന് പറഞ്ഞപ്പോൾ കിട്ടിയ മറുപടി താമരശ്ശേരി വന്നു കയറിക്കോളൂ എന്നായിരുന്നു. കണ്ടക്ടർ ബസ് നിർത്തിക്കൊടുക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നത് ഞങ്ങൾക്ക് ഫോണിലൂടെ കേൾക്കാമായിരുന്നു. ഡ്രൈവർ സമ്മതിച്ചില്ല. വീണ്ടും കെഞ്ചിയപ്പോൾ കിട്ടിയ മറുപടി നിങ്ങൾ ബസിനെ ഓവർ ടേക്ക് ചെയ്‌തോളൂ നിർത്തിത്തരാം എന്ന്. മിന്നൽ ബസ്സിനെ ഈ ചെറിയ വണ്ടി കൊണ്ട് മറികടക്കണം. വേറെ നിർവ്വാഹമില്ലാത്തതിനാൽ പരമാവധി വേഗതയിൽ ബസിനെ പിന്തുടർന്നു. വൈത്തിരി എത്തിയപ്പോൾ വീണ്ടും വിളിച്ചു. അമ്മയാണ് ഡ്രൈവ് ചെയ്യുന്നതെന്നും അല്പം വേഗത കുറയ്ക്കുമോ എന്നും മോൻ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. രണ്ടും കൽപ്പിച്ച് ഞങ്ങൾ ചുരമിറങ്ങി. തുടർച്ചയായി ഹോൺ മുഴക്കി ഓരോ വാഹനത്തേയും മറികടന്നു. കുറെ താഴെ എത്തിയപ്പോൾ ചുരം ബ്‌ളോക്ക്. വാഹനങ്ങളെ മറികടന്ന് കണ്ടക്ടറെ വിളിച്ചപ്പോൾ അടിവാരത്തു നിർത്താമെന്നായി.
അടിവാരത്ത് ബസ് എത്തിയപ്പോൾ ഞങ്ങൾ പ്രതികരിക്കണമെന്നു കരുതി. പക്ഷെ മോൻ ബസിലേക്ക് കാൽ എടുത്തു വച്ചപ്പോഴേക്കും ബസ് വിട്ടു.
ഈ ഒരു അവസ്ഥ ആർക്കും ഇനി വരരുത് എന്ന് കരുതിയാണ് ഇതെഴുതിയത്. മിന്നൽ ബസിന് ബുക്ക് ചെയ്ത ദീർഘദൂര യാത്രക്കാരനു വേണ്ടി 5 മിനിറ്റ് വരെ വെയ്റ്റു ചെയ്യാമെന്നിരിക്കെ ഒരു മിനിറ്റു പോലും കാത്തു നിൽക്കാതെ സ്ഥലം വിടുകയായിരുന്നു. ഡ്രൈവറുടെ ദുർവാശി കാരണം ദുർഘടമായ ചുരം റോഡിലൂടെ അസമയത്ത് 54 കി.മീ.അധികം യാത്ര ചെയ്തത് എന്നെയും മക്കളെയും മാനസികമായി തളർത്തി. രാത്രി രണ്ടു മണിക്കാണ് തിരിച്ച് വീട്ടിലെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി വിജിലൻസിന് റോഷ്‌നി പരാതി നൽകിയിട്ടുണ്ട്.