കൽപ്പറ്റ:നോർത്ത് മലബാർ ഡിസ്ട്രിക്ട്‌കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി(എൻ.എം.ഡി.സി) വീണ്ടും കാപ്പി സംഭരണ രംഗത്തേക്ക്.ഒരു കാലത്ത് എൻ.എം.ഡി.സിക്കായിരുന്നു കാപ്പി സംഭരണ കുത്തക.എന്നാൽ കാപ്പി സംഭരണം സ്വതന്ത്ര വ്യാപാരമായി മാറിയതോടെ എൻ. എം.ഡി.സിയുടെ തകർച്ചയാണ് കണ്ടത്. സംഘം വിവിധ ഉൽപ്പന്നങ്ങൾ ഇറക്കി പിടിച്ച് നിൽക്കുകയായിരുന്നു
.സംഘം കാപ്പി സംഭരണ രംഗത്തേക്ക് വരുന്നതോടെ ആ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാകുമെന്ന് സംഘം പ്രസിഡന്റ് പി.സൈനുദ്ദീൻ പറഞ്ഞു.മാത്രമല്ല, ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൈബൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡവലപ്പ്മെന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എം.പാനൽ ലിസ്റ്റിലും എൻ. എം.ഡി.സി ഉൾപ്പെട്ടു. ഈ രംഗത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഇനി എൻ. എം.ഡി.സിക്ക് കഴിയും.ട്രൈഫെഡുമായി ചേർന്ന് വലിയ മാറ്റം ഉണ്ടാക്കാനും സ്ഥാപനത്തിന് കഴിയും.
ഇതിനകം എള്ളെണ്ണ നിർമ്മാണത്തിലൂടെ പുത്തൻ വിപ്ലവം സൃഷ്ടിക്കാൻ എം.എം.ഡി.സിക്ക് കഴിഞ്ഞു.കോഴിക്കോട് ബീച്ച് ഹെഡ് ഓഫീസിനോട് ചേർന്നാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ എള്ളെണ്ണ നിർമ്മാണ യൂണിറ്റ് തുടങ്ങുന്നത്.വെളിച്ചെണ്ണയിലൂടെയും ഹെയർ ഓയിലിലൂടെയും വിപ്ലവം സൃഷ്ടിച്ച മലബാറിലെ കർഷകരുടെ മലഞ്ചരക്ക് ഉൽപ്പന്നങ്ങൾ സംഭരിച്ച് ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നതിനായി 1936-ലാണ് എൻ.എം.ഡി.സി പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ കാപ്പിയും കൊപ്രയുമായിരുന്നു പ്രധാനമായും സംഭരിച്ചിരുന്നത്. ഇത് സംസ്‌ക്കരിക്കാനായി വടകരയിൽ യൂണിറ്റ് തുടങ്ങി. ഇവിടെ എട്ട് ചക്കിലാണ് വെളിച്ചെണ്ണ ആട്ടി വിൽപ്പന നടത്തികൊണ്ടിരുന്നത്. ഈ സമയത്ത് തന്നെ കൽപ്പറ്റയിൽ കാപ്പി സംഭരണത്തിനുള്ള യൂണിറ്റും തുടങ്ങി.
കാപ്പിയുടെ സംഭരണവും വിതരണവും അംഗീകൃത ഏജൻസികൾക്ക് മാത്രമെ ചെയ്യാൻ ലൈസൻസ് നൽകിയിരുന്നുള്ളു. 1998-ൽകേന്ദ്ര ഗവൺമെന്റ് കാപ്പിയുടെമേലുള്ള നിയന്ത്രണം എടുത്തുകളഞ്ഞതോടെ പുതിയ സ്വകാര്യ കമ്പനികൾ മാർക്കറ്റിലെത്തി. കർഷകർക്ക്‌വേണ്ടി നിലകൊണ്ട സൊസൈറ്റികൾക്ക് പുത്തൻ കമ്പനികളോട് മൽസരിച്ച് പിടിച്ച് നിൽക്കാനായില്ല. തൊഴിലാളികൾക്ക് ശമ്പളംപോലും നൽകാൻ കഴിയാതെ സൊസൈറ്റിയുടെ പ്രവർത്തനം മന്ദഗതിയിലായി. 2009-ൽ പുതിയ ഭരണ സമിതി സൊസൈറ്റിയിൽ അധികാരത്തിലെത്തി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് കർഷകർക്ക്‌വേണ്ടി തുടങ്ങിയ ഒരു സൊസൈറ്റി നശിച്ചുപോകുന്നതിൽ നിന്ന് സൊസൈറ്റിയെ രക്ഷിക്കുന്നതിനായി സംഘം പ്രസിഡന്റായിരുന്ന പി.സൈനുദ്ദീന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികളെപ്പറ്റി ആസൂത്രണം ചെയ്യുകയുണ്ടായി.
സർക്കാർ സഹായത്തോടെ പുതിയ യന്ത്രങ്ങൾ വാങ്ങി വെളിച്ചെണ്ണ സംഭരണവും വിപണനവും ശക്തമാക്കിയതോടെ വെളിച്ചെണ്ണയുടെയും ഹെയർ ഓയിലിന്റെയും മാർക്കറ്റിൽ വീണ്ടും എൻ.എം.ഡി.സി ശക്തമായി തിരിച്ചുവന്നു. തുടക്കത്തിൽ തന്നെ പത്ത് ലക്ഷം വിറ്റ് വരവ് ഉണ്ടായിരുന്നു. വടകരയിൽ ഐ.സി.ഡി.പി യുടെ സഹായത്തോടെ എക്‌സപെല്ലർ സ്ഥാപിക്കുകയും ചെയ്തു.കോപ്പോൾ വെളിച്ചെണ്ണയും ഹെയർ ഓയിലും വീണ്ടും ഉല്പാദിപ്പിക്കുകയും സപ്ലൈകോ, കൺസ്യൂമർ ഫെഡ്, സംസ്ഥാനത്തെ എല്ലാ എസ്.സിഹോസ്റ്റലിലേക്കും വിതരണം ചെയ്യാനും ആരംഭിച്ചു.
2018-2019 വർഷത്തിൽ 15. 44കോടി രുപയുടെ വെളിച്ചെണ്ണയാണ് വിറ്റത്. പ്രാഥമിക സംഘമായിരുന്ന എൻ.എം.ഡി.സിയെ ഫെഡറൽ സംഘമാക്കി മാറ്റിയതോടെയാണ് പുത്തൻ വിജയഗാഥ രചിക്കാനായത്.
സൊസൈറ്റി വയനാടിന്റെ പഴയകാല വിഭവങ്ങൾശേഖരിച്ച് വിപണനം നടത്താനുള്ള പദ്ധതിയാണ് പിന്നിട് നടത്തിയത്. കൽപ്പറ്റ ബ്രാഞ്ചിൽ കാപ്പി,കുരുമുളക്, ഇഞ്ചി, ഏലം, റബ്ബർ,ചേന, വാഴക്കുല,തേൻ എന്നിവ ആദിവാസികളിൽ നിന്ന് സംഭരിക്കുന്നുണ്ട്. മലഞ്ചരക്ക് ഉൽപ്പന്നങ്ങളുടെ ശേഖരണവും വിപണനത്തിനും പുറമെ സാധാരണക്കാർക്ക് ഗുണനിലവാരം കൂടിയതും തുച്ഛമായ വിലയ്ക്ക് വാങ്ങാൻ കഴിയുന്നതുമായ തുണിത്തരങ്ങളുടെ വിപുലമായ ശേഖരമാണ് കോ-ഓപ്പ് ടെക്‌സിലൂടെ എൻ.എം.ഡി.സി നൽകുന്നത്. ഇവയ്ക്ക് പുറമെ ആഗ്രോ പ്രൊസസിംഗ് സെന്ററും പ്രവർത്തിക്കുന്നു. ഇപ്പോൾ പ്രതിദിന വെളിച്ചെണ്ണ 2300 കിലോയാണ്. അത് 6300 കിലോയിലെത്തിക്കുകയാണ് ലക്ഷ്യം . 65 ലക്ഷം രൂപ ചെലവിലാണ് വടകരയിലെ മില്ല് നവീകരിക്കുന്നത്.
മലബാറിലെ ആറ് ജില്ലകളിലാണ് എൻ.എം.ഡി.സിയുടെ പ്രവർത്തന പരിധി. കർഷകരുടെ ഉൽപ്പന്നങ്ങൾ വാങ്ങി വിപണനം നടത്തുകയും അതിന്റെ ബൈപ്രൊഡക്ട്‌കൊണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമായ പുത്തൻ സംരംഭങ്ങൾ കണ്ടെത്തി നടപ്പിലാക്കാനുമാണ് എൻ.എം.ഡി.സിയുടെ പദ്ധതിയെന്ന് പ്രസിഡന്റ് പി.സൈനുദ്ദീൻ കേരളകൗമുദിയോട് പറഞ്ഞു.