പുൽപള്ളി: വയനാടിന്റെ ഗായകൻ സിറിയക് ടി സൈമണിന് നാട് കണ്ണീരോടെ വിട നൽകി.ശിഷ്യഗണങ്ങളടക്കമുള്ള വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം സീതാമൗണ്ട് സെന്റ്‌ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിച്ചു. മരണ വാർത്ത അറിഞ്ഞതുമുതൽ വീട്ടിലേക്ക് സുഹൃത്തുക്കളുടേയും ശിഷ്യരിുടേയും ഒഴുക്കായിരുന്നു.

തിങ്കളാഴ്ച രാവിലെ മുതൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അദ്ദേഹത്തിന്റെ സീതാമൗണ്ടിലുള്ള തറവാട്ട് വീട്ടിലെത്തി. വിതുമ്പലോടെയാണ് പലരും മടങ്ങിയത്. വിവി​ധ ഗാനമേള ട്രൂപ്പുകളിലെ ഗായകരും പിന്നണി പ്രവർത്തകരും രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരികമേഖലകളിൽ നിന്നുള്ളവരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.

കഴിഞ്ഞ പത്ത് വർഷത്തോളമായി നടവയൽ സെന്റ്‌ തോമസ് എച്ച് എസ് എസ്സിലെ സംഗീതാദ്ധ്യാപകനായിരുന്ന അദ്ദേഹം ഈ വർഷം മാർച്ചി​ൽ വിരമിക്കാനിരിക്കുകയായിരുന്നു.

തൃപ്പൂണിത്തറ ആർ എൽ ബി സംഗീതകോളേജിൽ നിന്ന് ഗാനഭൂഷണം നേടിയ സിറിയക്ക് കണിയാരം ഫാ. ജി കെ എം എച്ച് എസ്സിലും പിന്നീട് ബത്തേരി അസംഷൻ ഹൈസ്‌കൂളിലും നേരത്തെ ജോലിനോക്കിയിട്ടുണ്ട്.

കേരളത്തിനകത്തും പുറത്തും നിന്നുള്ള വിവിധ ഗാനമേളകളിൽ പങ്കാളിയായിട്ടുണ്ട്. വയനാട്ടിലെ ഗാനമേളവേദികളിൽ പതി​വു സാന്നിദ്ധ്യമായിരുന്നു. നിരവധി ഭക്തിഗാന ആൽബങ്ങളിലും പാടിയിട്ടുണ്ട്.

ഏറ്റവും ഒടുവിൽ അദ്ദേഹം വീടിനടുത്ത് വടാനക്കവലയിലുള്ള ലൈബ്രറിയുടെ ന്യൂ ഇയർപ്രോഗ്രാമിലാണ് ഗാനമേളയിൽ പങ്കെടുത്തത്.
കൽപ്പറ്റ പ്രസ്സ് ക്ലബ്ബ്, പുൽപ്പള്ളിപ്രസ്സ് ക്രബ്ബ്, രാഗതരംഗ് ഓർക്കസ്ട്ര, സംഗീത സല്ലാപം മ്യൂസിക് തുടങ്ങിയ നിരവധി സംഘടനകളും സ്ഥാപനങ്ങളും റീത്ത് സമർപ്പിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഐ സി ബാലകൃഷ്ണൻ എം എൽ എ തുടങ്ങിയവർ അനുശോചനം അറി​യി​ച്ചു.