കൽപ്പറ്റ: ജില്ലയിൽ പുതുതായി വർദ്ധിപ്പിച്ചത് 37 വാർഡുകൾ. 23 ഗ്രാമപഞ്ചായത്തുകളിലുമായാണ് ഇത്രയും വാർഡുകൾ വർദ്ധിപ്പിച്ചത്.
23 പഞ്ചായത്തുകളിലെ 12ലും ഒരു വാർഡു മാത്രമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. എട്ട് പഞ്ചായത്തുകളിൽ രണ്ട് വീതവും, മൂന്ന് പഞ്ചായത്തുകളിൽ മൂന്നു വീതം വാർഡുകളുമാണ് വർദ്ധിപ്പിച്ചത്. തവിഞ്ഞാൽ, നെന്മേനി, വെങ്ങപ്പള്ളി, വൈത്തിരി, തരിയോട്, മേപ്പാടി, മൂപ്പൈനാട്, കോട്ടത്തറ, പനമരം, പൂതാടി, പുൽപ്പള്ളി, മുള്ളൻകൊല്ലി തുടങ്ങിയ പഞ്ചായത്തുകളിലാണ് ഒരു വാർഡ് വീതം വർദ്ധിപ്പിച്ചത്.
തിരുനെല്ലി, തൊണ്ടർനാട്, എടവക, നൂൽപ്പുഴ, അമ്പലവയൽ, മീനങ്ങാടി, പൊഴുതന, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലും രണ്ടു വീതവും, വെള്ളമുണ്ട, മുട്ടിൽ, കണിയാമ്പറ്റ പഞ്ചായത്തുകളിൽ മൂന്ന് വീതം വാർഡുകൾ വർദ്ധിപ്പിച്ചു.
ജില്ലയിലെ 23 പഞ്ചായത്തുകളിലായി 413 വാർഡുകളാണുണ്ടായിരുന്നത്. 37 എണ്ണം വർദ്ധിപ്പിച്ചതോടെ 450 വാർഡുകളായി. കൂടുതൽ വാർഡുകളുള്ളത് വെള്ളമുണ്ട, നെന്മേനി, പനമരം പഞ്ചായത്തുകളിലാണ്. ഈ പഞ്ചായത്തുകളിൽ 24 വീതം വാർഡുകളാണുള്ളത്. തവിഞ്ഞാൽ, മേപ്പാടി, പൂതാടി പഞ്ചായത്തുകളിൽ 23 വീതവും, അമ്പലവയൽ, മുട്ടിൽ പഞ്ചായത്തുകളിൽ 22 വീതവും വാർഡുകളുണ്ട്. ഏറ്റവും കുറവ് വാർഡുകൾ വെങ്ങപ്പള്ളി, തരിയോട്, കോട്ടത്തറ പഞ്ചായത്തുകളിലാണ്. ഈ പഞ്ചായത്തുകളിൽ വർദ്ധിപ്പിച്ചവയടക്കം 14 വാർഡുകൾ മാത്രമാണുള്ളത്. വൈത്തിരി, പൊഴുതന പഞ്ചായത്തുകളിൽ 15 വീതവും, തൊണ്ടർനാട്, മൂപ്പൈനാട് പഞ്ചായത്തുകളിൽ വർദ്ധിപ്പിച്ചവയടക്കം 17 വാർഡുകളുമാണുള്ളത്.
ഒരു വാർഡ് മാത്രം വർദ്ധിപ്പിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തന സൗകര്യം വർദ്ധിപ്പിക്കുന്നതിന് സഹായകരമാവില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഒരു വാർഡ് മാത്രം വർദ്ധിപ്പിക്കുന്നതിനായി മുഴുവൻ വാർഡുകളുടെയും വിഭജനം നടത്തേണ്ടി വരുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. ഇതിനായി മുഴുവൻ കെട്ടിട നമ്പറുകളിലും മാറ്റം വരുത്തേണ്ടിവരും. കെട്ടിട നമ്പറുകൾ പതിക്കുന്ന പ്രവർത്തനവും രജിസ്റ്റർ പുനക്രമീകരിക്കുന്ന പ്രവർത്തനവുമെല്ലാം ഇതിനോടനുബന്ധിച്ച് നടത്തേണ്ടിവരും. ജീവനക്കാരുടെ കുറവും പ്രവർത്തന ബാഹുല്യവും മൂലം തളരുന്ന തദ്ദേശ സ്ഥാപനങ്ങൾ സർക്കാറിന്റെ ഈ അനാവശ്യ നീക്കം മൂലം കൂടുതൽ പ്രതിസന്ധിയിലാകും.
2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള വാർഡുകൾ രൂപീകരിക്കപ്പെട്ടില്ലെങ്കിലും ഈ ജനസംഖ്യയാണ് വാർഡ് വിഭജനത്തിന് ആധാരമാക്കുക. പഞ്ചായത്ത് വകുപ്പ് സർക്കാറിന് നൽകിയ നിർദേശപ്രകാരം ഓരോ പഞ്ചായത്തിലും ഒന്നു മുതൽ നാല് വരെ വാർഡുകൾ വർദ്ധിപ്പിക്കണമെന്നാണ് പറയുന്നത്. എന്നാൽ സർക്കാർ ഓരോ പഞ്ചായത്തിലും ഓരോ വാർഡുകൾ വർദ്ധിപ്പിക്കാനാണ് നീക്കം നടത്തുന്നത്.