 ശബരിമല സ്‌പെഷൽ ഡ്യുട്ടിയ്ക്കായി 35 ബസ്സുകൾ
 സൂപ്പർ ഫാസ്റ്റ് ബസ്സുകൾ മുഴുവൻ ചുരമിറങ്ങും
സുൽത്താൻ ബത്തേരി: വയനാട്ടിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നുള്ള സൂപ്പർ ഫാസ്റ്റ് ദീർഘദൂര സർവിസുകൾ പൊടുന്നനെ അധികൃതർ റദ്ദാക്കി. ശബരിമല സ്പെഷലിനായാണിത്. സൂപ്പർ ഫാസ്റ്റ് ബസ്സുകളത്രയും ഇന്ന് ചുരമിറങ്ങുന്നതോടെ വയനാട്ടിൽ യാത്രാപ്രശ്‌നം അതിരൂക്ഷമായി മാറും. ദൂരയാത്രക്കാർക്ക് മറ്റു ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയുമാവും.
ശബരിമലയ്ക്ക് സർവിസ് നടത്താനായി വണ്ടികൾ ഇന്ന് വൈകുന്നേരത്തിനകം അയക്കണമെന്നാണ് ചീഫ് ഓഫീസിൽ നിന്ന് ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർക്ക് ലഭിച്ച നിർദ്ദേശം. ഇതനുസരിച്ച് ഇന്നലെ തന്നെ സർവിസുകൾ റദ്ദ് ചെയ്ത് 19 ബസ്സുകൾ അയക്കുന്നതിനുള്ള നടപടി തുടങ്ങി. വണ്ടികൾ എല്ലാം മെയ്ന്റനൻസ് വർക്ക് പൂർത്തിയാക്കി വേണം അയക്കാനെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബത്തേരി ഡിപ്പോയിലെ 9 സർവിസുകളാണ് റദ്ദ് ചെയ്തത്. രണ്ട് ജെൻട്രം ബസും ഇതിലുൾപ്പെടും. ബത്തേരി ഡിപ്പോയ്ക്ക് പുറമെ മാനന്തവാടി, കൽപ്പറ്റ ഡിപ്പോയിൽ നിന്ന് നേരത്തെ 16 ബസുകളും റദ്ദാക്കിയിരുന്നു.
ബത്തേരിയിയിൽ നിന്നുള്ള തിരുവനന്തപുരം, കോട്ടയം, പിറവം, എരുമേലി, പുനലൂർ, എറണാകുളം സർവിസുകൾ റദ്ദാക്കിയിരിക്കുകയാണ്. ഈ ബസ്സുകൾ ഇന്ന് ശബരിമലയ്ക്ക് അയക്കും. 50 സീറ്റ് റിസർവേഷനുണ്ടായിരുന്ന എരുമേലി ബസ്സിന്റെ സർവിസ് ഇന്നലെ കാലത്ത് റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. സിറ്റ് റിസർവ് ചെയ്തവരെ ഇന്നലെ കാലത്ത് വിളിച്ച് വണ്ടി കാൻസൽ ചെയ്ത വിവരം അറിയിക്കുകയായിരുന്നു.
സൂപ്പർ ഫാസ്റ്റ് ബസുകൾ പുർണമായും ശബരിമല സ്‌പെഷൽ സർവിസിനായി ഇന്ന് വൈകുന്നേരത്തിനകം ചുരമിറങ്ങും. ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ ഇനിയും ശബരിമല സ്പെഷലിന് വിടാനും നീക്കമുണ്ട്.