മാനന്തവാടി:വയനാട്ടിൽ ഒരാൾക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലിയിലെ അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ രണ്ടാം ഗേറ്റ് സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പുതുവർഷാരംഭത്തിൽ ഇതേ പ്രദേശത്തെ 28 കാരിക്കും, കഴിഞ്ഞയാഴ്ച 60കാരനും കുരങ്ങുപനി ബാധ സ്ഥിരീകരിച്ചിരുന്നു. 60കാരൻ ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. മറ്റ് രണ്ട് പേരും ചികിത്സ തുടരുകയാണ്.
എസ്‌റ്റേറ്റിനോട് ചേർന്ന പ്രദേശമായതിനാൽ ഇവിടെ കുരങ്ങുശല്യം രൂക്ഷമാണ്. കഴിഞ്ഞമാസം ഒരുകുരങ്ങിനെ ചത്തനിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. 2019ൽ ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടുകയും രണ്ടുപേർ മരിക്കുകയും ചെയ്തു. 2019 ജനുവരിയിൽ അപ്പപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് പരിധിയിലെ രണ്ടുപേർക്കാണ് ആദ്യം രോഗം ബാധിച്ചത്. തുടർന്ന് ഡിസംബർ വരെ ചികിത്സ തേടിയതിൽ 7 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് പരിധിയിൽ വീണ്ടും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
വിറയലോടുകൂടിയ പനി, തലവേദന, വയറിളക്കം, ഛർദി, കഴുത്തുവേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവയാണ് കുരങ്ങുപനിയുടെ ലക്ഷണം. ഇത്തരം ലക്ഷണങ്ങളുള്ള എല്ലാവർക്കും കുരങ്ങുപനി ഉണ്ടാവണമെന്നില്ല. എങ്കിലും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
മുൻകരുതലുകൾ :
*വനത്തിൽ പോകുമ്പോൾ മുഴുവൻ മുടുന്ന കട്ടിയുള്ള വസ്ത്രം ധരിക്കുക.
*കാലുകളിലൂടെ ചെള്ളുകയറാത്ത വിധത്തിൽ ഗൺ ബൂട്ട് ധരിക്കുക.
*ചെള്ളിനെ അകറ്റി നിറുത്തുന്ന ലേപനങ്ങൾ ശരീരത്തിൽ പുരട്ടുക.
*വനത്തിൽ പോയിവന്നാൽ വസ്ത്രങ്ങളിൽ ചെള്ളില്ലെന്ന് ഉറപ്പാക്കുക.
*ചെള്ളു കടിയേറ്റഭാഗവും കൈകളും സോപ്പുപയോഗിച്ച് കഴുകുക.
*പ്രതിരോധ വാക്‌സിൻ യഥാസമയം ഉപയോഗിക്കുക.