maoist

കൽപ്പറ്റ: വയനാട്ടിലെ തേയില തോട്ടം, ആദിവാസി മേഖലകളിലെ ജീവിത പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമാകുന്നു. വനത്തിൽ കഴിഞ്ഞുകൊണ്ട് പ്രശ്നപരിഹാരത്തിനായി സജീവമായി ഇടപെടുകയാണ് മാവോയിസ്റ്റുകൾ. വനാതിർത്തികളോട് ചേർന്ന മേഖലകളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം വീണ്ടും സജീവമായത്.സി.പി.ഐ മാവോയിസ്റ്റ് നാടുകാണി,കബിനീദളം വിഭാഗങ്ങളാണ് വനമേഖലയിൽ തമ്പടിച്ചിരിക്കുന്നത്. ഇവരുടെ നീക്കം പൊലീസ് അതിശക്തമായി തന്നെ നിരീക്ഷിക്കുന്നുണ്ടെങ്കിലും പൊലീസിന്റെ മൂക്കിന് താഴെയാണ് ഇവരുടെ കഴിഞ്ഞ ഒാപ്പറേഷനുകൾ നടന്നതെന്നത് അമ്പരിപ്പിക്കുന്നു.കഴിഞ്ഞ ചൊവ്വാഴ്ച മേപ്പാടിക്കടുത്ത അട്ടമലയിൽ ബംഗളൂരു സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ വില്ല മാവോയിസ്റ്റുകൾ അടിച്ച് തകർക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു.റിസോർട്ടിൽ എത്തുന്നവർക്കായി ആദിവാസികളെ കാഴ്ചവയ്ക്കുന്നുവെന്നും ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന റിസോർട്ട് നടത്തിപ്പുകാരെ നേരിടുമെന്നും പോസ്റ്ററിൽ എഴുതിയിരുന്നു.

മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട എടറാട്ടുകുണ്ട് ആദിവാസി കോളനിയിൽ മാവോവാദികൾ സ്ഥിരമായി വരാറുണ്ടെന്ന് ആദിവാസികൾ തന്നെ പൊലീസിനോട് പറഞ്ഞു. ഇൗ കോളനിയുടെ അവസ്ഥ ഏറെ ദയനീയമാണ്.ഇവിടെ എത്തുന്ന മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ച് അരിയും സാധനങ്ങളും വാങ്ങിയാണ് തിരിച്ച് പോകാറ്.മാവോയിസ്റ്റുകളെക്കൊണ്ട് ഇതേവരെ തങ്ങൾക്ക് ശല്യമൊന്നും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു.

വയനാടൻ വനമേഖലയോട് ചേർന്ന് മാവോയിസ്റ്റുകൾ മുമ്പൊന്നും ഇല്ലാത്ത തരത്തിൽ ശക്തിപ്പെടുന്നതിന് പിന്നിൽ ഇൗയിടെ മാവോയിസ്റ്റുകളെ വെടി വച്ച് കൊന്നതിൽ പകരം ചോദിക്കുക എന്ന ലക്ഷ്യവുമുണ്ട്.ഫെബ്രുവരി പതിനെട്ടിന് നക്സലൈറ്റ് നേതാവ് എ.വർഗ്ഗീസിന്റെ ചരമ ദിനമാണ്.ഇൗ സമയത്ത് വയനാടൻ കാടുകളിൽ മാവോയിസ്റ്റുകൾ കേന്ദ്രീകരിക്കുന്നത് പതിവാണ്.വലിയൊരു ഒാപ്പറേഷൻ ഇവരിൽ നിന്ന് എപ്പോഴും ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയിലെ വനാതിർത്തി മേഖലകളിലെ പൊലീസ് സ്റ്റേഷനുകൾ ഇപ്പോഴും കനത്ത ജാഗ്രതയിൽ തന്നെയാണ്. തണ്ടർബോൾട്ട് ഉൾപ്പെടെയുളള സേന എന്തിനും തയ്യാറായി നിൽക്കുന്നു.

റവല്യൂഷണറി ടാക്സ് പിരിവ്

പരിസ്ഥിതിയെ ദ്രോഹിച്ച് കൊണ്ടുളള നിർമ്മാണ പ്രവർത്തനങ്ങളാണ് ജില്ലയിൽ വനമേഖലയോട് ചേർന്ന പ്രദേശത്ത് റിസോർട്ടുകാർ നടത്തുന്നത്. ഇതിനെതിരെയാണ് മാവോയിസ്റ്റുകൾ ശബ്ദിക്കുന്നതും. ഇൗ പേര് പറഞ്ഞ് വൻ തോതിൽ ഫണ്ട് പിരിവ് നടത്തുന്നുണ്ട്.പല റിസോർട്ട് ഉടമകളും ചോദിക്കുന്ന കാശ് കൊടുക്കുന്നു.ഇക്കാര്യം പൊലീസിനോ‌ട് പറയാനും ഇവർ മടിക്കുന്നു. ഇതിന് പുറമേ റിസോർട്ട് ജീവനക്കാരിൽ നിന്നും പിരിവ് നടത്തുന്നുണ്ട്. വിപ്ളവം നടത്താനുളള റവല്യൂഷണറി ടാക്സാണ് പിരിക്കുന്നതെന്നാണ് പറയുന്നത്. വൻകിടക്കാരിൽ നിന്ന് മാത്രമേ ഇത്തരം ടാക്സ് പിരിക്കാൻ പാടുള്ളൂവെന്നും മാവോവാദികൾക്ക് നിർദ്ദേശമുണ്ട്.

2014 നവംബർ 14ന് തിരുനെല്ലിയിലെ അഗ്രഹാരം റിസോർട്ട് അടിച്ച് തകർത്തു

2015 ജനുവരി 25ന് തിരുനെല്ലിയിലെ കെ.ടി.ഡി.സിയുടെ ഹോട്ടലിന് നേരെ ആക്രമണം നടത്തി.

2018 ജൂലായ് 20ന് കളളാ‌ടി തൊളളായിരം കണ്ടി എമറാൾഡ് എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടൽ നടത്തി. മൂന്ന് ജീവക്കാരെ ഇവർ പിടിച്ചുവച്ച് ആശയ പ്രചാരണം നടത്തി.

2018മാർച്ച് 6ന് വൈത്തിരി ഉപവൻ റിസോർട്ടിൽ ഫണ്ട് പിരിവിനെത്തിയ മാവോയിസ്റ്റ് സി.പി.ജലീൽ വെടിവെയ്പിൽ കൊല്ലപ്പെട്ടു.