k
കല്യാണിക്ക് കിങ്ങിണിയെന്ന കാട്ടുപന്നിയൊടൊപ്പം

കൽപ്പറ്റ:ഏഴു വർഷങ്ങൾ നീളുന്ന ഒരപൂർവ്വ സ്നേഹബന്ധത്തിലെ രണ്ട് കണ്ണികളാണ് വയനാട് മാരമല കാട്ടുനായ്ക്ക കോളനിയിലെ കല്യാണിയും അവർ സ്നേഹമൂട്ടി വളർത്തുന്ന കിങ്ങിണിയെന്ന കാട്ടുപന്നിയും. കാടിനാൽ ചുറ്റപ്പെട്ട വയനാടൻ കാട്ടു നായ്ക്ക കോളനിയാണ് മാരമല. ആനയും കടവയുമൊക്കെ ഇറങ്ങുന്ന സ്ഥലം.അതിനാൽ കോളനിക്ക് ചുറ്റും വലിയ കിടങ്ങുണ്ട്. ഏഴ് വർഷങ്ങൾക്ക് മുമ്പൊരു ദിവസം നേരം വെളുത്തപ്പോൾ ആ കിടങ്ങിൽ വീണു കിടക്കുകയായിരുന്നു അന്ന് രണ്ട് ദിവസം മാത്രം പ്രായമുള്ള കാട്ടുപന്നിക്കുഞ്ഞ്.

വിറകെടുക്കാൻ പോയ കല്യാണിയുടെ അമ്മ ബൊമ്മിയാണ് കരയുന്ന കാട്ടു പന്നി കുഞ്ഞിനെ വീട്ടിലെക്കെടുത്തു കൊണ്ട് വന്നത്. കല്യാണിക്ക് ഈ പന്നിക്കുഞ്ഞ് വലിയ കൗതുകമായി, അവളതിന്റെ സംരക്ഷണവും പരിപാലനവുമൊക്കെ സ്വയം ഏറ്റെടുത്തു, കിങ്ങിണിയെന്ന് പേരുമിട്ടു, "കിങ്ങൂ" എന്ന് നീട്ടിവിളിച്ചാൽ പന്നി ഹാജർ. തുടക്കത്തിൽ ആട്ടിൻ പാലായിരുന്നു കുപ്പിയിലാക്കി നൽകിയിരുന്നത്, ഇപ്പോൾ ചായപ്പൊടിയും പഞ്ചസാരയുമൊക്കെ ഇട്ട് തിളപ്പിച്ച നല്ല കട്ടൻ ചായ രാവിലെയും വൈകുന്നേരവും നിർബന്ധമാണ്. പിന്നെ ഇഷ്ടം ബിസ്കറ്റാണ്, പാർലെ ജി ആണെങ്കിൽ ആള് ഹാപ്പി. സാമ്പാറുണ്ടെങ്കിൽ ചോറ് നന്നായി കഴിക്കും. കിങ്ങിണിയെ കുളിപ്പിക്കാൻ ഈയിടെയായി കല്യാണി മെനക്കെടാറില്ല, കാരണം വെള്ളം ദേഹത്ത് വീണാൽ പിന്നെ കിങ്ങിണി തുള്ളിച്ചാടി മണ്ണിൽ കിടന്ന് മറിയും, പിന്നെ ആ പറമ്പിലുള്ള മണ്ണ് മുഴുവനും അവളുടെ ദേഹത്തുണ്ടാവും.

കല്യാണിയുടെ നാല് മുറികളുള്ള വീട്ടിൽ ഒരു മുറിയിലാണ് വീട്ടുടമസ്ഥ താമസിക്കുന്നത്, മറ്റ് മൂന്ന് മുറികളും കിങ്ങിണിയുടേതാണ്. അവൾ ആ മുറികളിൽ ദിവസവും മാറി മാറി ഉറങ്ങും. അകത്തെ നിലം മുഴുവൻ ഉഴുത് മറിച്ചിട്ടപോലെയാണ്, ആ പൊടിയിൽ, കൂർക്കം വലിക്കാതെ ശാന്തമായാണ് അവളുറങ്ങുക. രാത്രിയിൽ എഴുന്നേറ്റ് വെള്ളം കുടിക്കണമെന്ന് തോന്നിയാൽ നേരെ പോയി കല്യാണിയുടെ മുറിയുടെ വാതിലിൽ മുട്ടും. നേരമിരുട്ടുമ്പോൾ കിടന്നാൽ പിന്നെ രാവിലെ എട്ടുമണി വരെ സുഖനിദ്ര‌യാണ്. കിങ്ങിണിക്ക് സ്വന്തമായി പുതപ്പും തലയണയുമൊക്കെ ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് കല്യാണി 150 രൂപ കൊടുത്ത് വാങ്ങിക്കൊടുത്ത പുതപ്പ് കിങ്ങിണി നാല് കഷ്ണങ്ങളാക്കി മാറ്റി. കല്യാണി ജോലിക്ക് പോയാൽ പിന്നെ വീട് നോക്കുന്നത് കിങ്ങിണിയാണ്, കാട്ടുപന്നി കാവലിരിക്കുന്ന വീട്ടിൽ കയറാൻ കള്ളന്മാർ പോലും രണ്ടാമതൊന്നാലോചിക്കും. കല്യാണം കഴിക്കാത്ത കല്യാണിക്ക് കിങ്ങിണി മകൾ തന്നെയാണ്.