കാവുംമന്ദം: കിഫ്ബി സ്റ്റോപ്പ് മെമ്മോ ഇറക്കിയതോടെ പ്രവൃത്തി മുടങ്ങിയ കൽപ്പറ്റ - വാരാമ്പറ്റ റോഡിന്റെ കാര്യത്തിൽ പരിഹാരനടപടി അനിശ്ചിതത്വത്തിൽ നീളുന്നതിനെതിരെ ജനകീയ ആക്‌ഷൻ കമ്മിറ്റി പ്രത്യക്ഷ സമരത്തിനിറങ്ങുന്നു. കാവുംമന്ദത്ത് നാളെ വൈകിട്ട് 5 ന് സായാഹ്നധർണയും സമരപ്രഖ്യാപനവും നടത്തുക്കുമെന്ന് ഭാരവാഹികളായ എം.എ.ജോസഫ്, എം.മുഹമ്മദ് ബഷീർ, ഷമീം പാറക്കണ്ടി എന്നിവർ വ്യക്തമാക്കി.
പ്രവൃത്തിയിലെ കാലതാമസവും ഗുണനിലവാരമില്ലായ്മയും ചൂണ്ടിക്കാണിച്ചാണ് പ്രവൃത്തി നിറുത്തിവെപ്പിച്ചത്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് കിഫ്ബിയുടെ സ്റ്റോപ്പ് മെമ്മോ ലഭിച്ചത് ഡിസമ്പർ 11നായിരുന്നു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച് റോഡ് നിർമ്മാണം ഉടൻ പുനരാരംഭിക്കാൻ നടപടിയുണ്ടാകണമെന്ന് റോഡ് ആക്‌ഷൻ കമ്മിറ്റിക്കാരും ജനപ്രതിനിധികളും ബന്ധപ്പെട്ടപ്പോൾ, ആവശ്യമായ പരിശോധനകൾക്ക് ശേഷം എത്രയും വേഗം പണി വീണ്ടും തുടങ്ങുമെന്നായിരുന്നു മറുപടി. ഡിസമ്പർ 28ന് കിഫ്ബിയുടെ സാങ്കേതിക വിഭാഗം പരിശോധന നടത്തിയ ശേഷം പരിഹരിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയതാണ്. എന്നാൽ തുടർനടപടികൾ പിന്നീട് ഒന്നുമുണ്ടായില്ല. പ്രവൃത്തിയുടെ കാര്യത്തിൽ അനിശ്ചിതത്വം എപ്പോൾ തീരുമെന്ന് ആർക്കും പറയാനാവുന്നുമില്ല.
നീണ്ടകാലത്തെ സമരങ്ങളെ തുടർന്നാണ് ഈ റോഡ് പണി തുടങ്ങിയതുതന്നെ. ജില്ലയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ഈ സംസ്ഥാനപാതയുടെ ശോചനീയാവസ്ഥ കാരണം ടയറുകൾ പൊട്ടുന്നതടക്കമുള്ള പ്രശ്‌നങ്ങൾ കാരണം ബസുകളുടെ ട്രിപ്പ് മുടങ്ങുന്നത് പതിവ് സംഭവമാണ്. രോഗികളെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതിന് പോലും കഴിയാത്ത ദുരനുഭവങ്ങളുണ്ട്. റോഡ് മുഴുവൻ പൊളിച്ചിട്ടതിനാൽ പൊടി ശല്യവും രൂക്ഷമാണ്.
നിർമ്മാണക്കരാർ പ്രകാരം രണ്ട് മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കണമെന്നാണ്. എന്നാൽ, ഇതിനകം മുപ്പത് ശതമാനത്തിൽ താഴെ പ്രവൃത്തി മാത്രമേ നടന്നിട്ടുള്ളൂ.