സുൽത്താൻ ബത്തേരി: രാത്രിയാത്ര നിരോധന കേസിൽ കേരള സർക്കാർ ഇനിയെങ്കിലും യാഥാർഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് നീലഗിരി വയനാട് എൻഎച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള സർക്കാരിന്റെ ആവശ്യത്തെത്തുടർന്നാണ് ഇന്നലെ നാല് ആഴ്ചത്തേക്ക് വീണ്ടും കേസ് നീട്ടിയത്. കേസ് നടത്തിപ്പിലെ വീഴ്ചകൾ മൂലമാണ് കേസ് നീണ്ടുപോകുന്നത്. അഞ്ച് മാസം സമയം കിട്ടിയിട്ടും ശരിയായ വിധത്തിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സർക്കാരിന് കഴിഞ്ഞില്ല.
കുട്ട, ഗോണിക്കുപ്പ ബദൽ പാത അംഗീകരിച്ച് രാത്രിയാത്രാ നിരോധനം തുടരാമെന്ന സംസ്ഥാന സെക്രട്ടറിതല ചർച്ചയുടെ തീരുമാനം സംസ്ഥാന സർക്കാർ കൂടി അംഗീകരിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി ബദൽ പാത വികസിപ്പിച്ച് ദേശീയപാത766 പൂർണമായും അടച്ചുപൂട്ടാൻ നിർദ്ദേശം നൽകണമെന്നും ഉത്തരവിട്ടത്. ഈ ഉത്തരവാണ് വൻപ്രതിഷേധത്തിന് കാരണമായത്.
സുപ്രീം കോടതിയിൽ ഫയൽ ചെയ്യുന്ന സത്യവാങ്മൂലം വയനാട്ടിലെ എംഎൽഎമാരും സമരസമിതി ഭാരവാഹികളും ചർച്ചചെയ്തു തീരുമാനിക്കാമെന്ന് സംസ്ഥാന മന്ത്രിമാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ചർച്ചയ്ക്ക് 2 ദിവസം മുമ്പ് തന്നെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യുകയായിരുന്നു. ഈ സത്യവാങ്മൂലത്തിലെ പല കാര്യങ്ങളും വസ്തുതാവിരുദ്ധവും ബദൽ പാതയ്ക്ക് സഹായകവുമായിരുന്നു. ഇതിനെതിരെ ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചപ്പോഴാണ് സർക്കാർ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യാൻ തയ്യാറായത്. എന്നാൽ ഇതിന്റെ കരട് തയ്യാറാക്കിയപ്പോൾ സർക്കാർ നിർദേശിച്ചത് 3 ബദൽ പാതകൾ. അതിൽ മാനന്തവാടി ബാവലി മൈസൂർ റോഡിന്റെ വിശദമായ പദ്ധതി രേഖ തയാറാക്കി ബദൽ പാതയായി തത്വത്തിൽ അംഗീകരിച്ചു കേന്ദ്രത്തിൽ സമർപ്പിച്ചതായും പറയുന്നു.
വിദൂരമായ ബദൽ പാതകൾ അല്ല നാറ്റ്പാക് പഠനം നടത്തി ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ സുൽത്താൻബത്തേരി ചിക്കബർഗി ബൈപ്പാസ് ആണ് കേരള സർക്കാർ നിർദ്ദേശിക്കേണ്ടത്. ഇതുകൂടി ഉൾപ്പെടുത്തി പുതിയ സത്യവാങ്മൂലം നൽകാൻ കേരള സർക്കാർ തയ്യാറാകണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
അഡ്വ. ടി.എം റഷീദ്, വിനയകുമാർ അഴിപുറത്ത് ,അഡ്വ പി വേണുഗോപാൽ ,പി.വൈ മത്തായി എം.എ അസൈനാർ ,വി മോഹനൻ, സി അബ്ദുൽ റസാക്ക്, ജോസ് കപ്യാർമല ,ജേക്കബ് ബത്തേരി, സി.എച്ച് സുരേഷ് ,നാസർ കാസിം, ജോയിച്ചൻ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.