കൽപ്പറ്റ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് വയനാട് എം പി രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ഭരണഘടനാ സംരക്ഷണയാത്ര നടത്താൻ യു.ഡി.എഫ് ജില്ലാകമ്മിറ്റി തീരുമാനിച്ചു.

ജനുവരി 30ന് രാവിലെ 10 മണിക്ക് കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ പരിസരത്ത് നിന്ന് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന യാത്ര പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടർന്ന് പുതിയ ബസ്‌സ്റ്റാന്റിൽ സജ്ജമാക്കിയ വേദിയിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പുഷ്പാർച്ച നടത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.

ഭരണസംഘടനാ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും, രാജ്യത്തിന്റെ മതേതരത്വവും, ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിനും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് രാഹുൽഗാന്ധി ജില്ലയിൽ ഭരണഘടന സംരക്ഷണ യാത്ര നടത്തുന്നത്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധക്കൂട്ടായ്മയും, യാത്രയും വൻവിജയിപ്പിക്കുവാൻ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും കൈകോർക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. ചെയർമാൻ പി പി എ കരീം അദ്ധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. കൺവീനർ എൻ ഡി അപ്പച്ചൻ സ്വാഗതം പറഞ്ഞു. ചർച്ചയിൽ പി കെ അബൂക്കർ, കെ കെ അഹമ്മദ്ഹാജി, എൻ കെ റഷീദ്, കെ വി പോക്കർഹാജി, പി പി ആലി, കെ കെ അബ്രഹാം, വി എ മജീദ്, കെ സി റോസക്കുട്ടി എന്നിവർ പങ്കെടുത്തു.