കൽപ്പറ്റ: ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ കൽപ്പറ്റ, വാരാമ്പറ്റ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു. കളക്‌ടേറ്റിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിർദേശം. റോഡിന്റെ നവീകരണ പ്രവൃത്തികൾ മെയ് 31 നകം പൂർത്തിയാക്കാൻ സി.കെ ശശീന്ദ്രൻ എം.എൽ.എ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു.
സമയബന്ധിതമായ പൂർത്തീകരണത്തിന് ഓരോ ഘട്ടത്തിലും നടപ്പാക്കേണ്ട പ്രവർത്തനങ്ങളുടെ ഷെഡ്യൂൾ തയ്യാറാക്കാനും നിർദേശിച്ചു.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബാണാസുര സാഗർ ഡാമിലേക്ക് ഒട്ടേറെ സഞ്ചാരികളെത്തുന്ന റോഡിന്റെ നവീകരണ പ്രവൃത്തിക്ക് ഫണ്ടിംഗ് ഏജൻസിയായ കിഫ്ബി സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്ന് കുറച്ച് ദിവസങ്ങൾ നിർമ്മാണം നിലച്ചിരുന്നു. സ്റ്റോപ് മെമ്മോ നീക്കിയതിനെ തുടർന്ന് നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചിട്ടുണ്ട്. ദേശീയപാതയിൽ കൈനാട്ടി ജംഗ്ഷനിൽ തകർന്നു കിടക്കുന്ന റോഡ് രണ്ടാഴ്ചയ്ക്കകം നവീകരിക്കുന്നതിനുളള നടപടി സ്വീകരിക്കാൻ കേരള വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയറോടും നാഷണൽ ഹൈവേ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോടും യോഗം നിർദേശിച്ചു.
ജില്ലയിലെ സ്‌കൂളുകളുടെ അറ്റകുറ്റപ്പണിക്കായി അനുവദിച്ച 20 കോടി രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ശീർഷകത്തിലാണെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ച സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുളള പ്രാരംഭ നടപടിക്രമങ്ങൾ തുടങ്ങാൻ എൽ.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയർക്ക് ജില്ലാ വികസന സമിതി യോഗം നിർദ്ദേശം നൽകി. പൂക്കോട് എം.ആർ.എസ് സ്‌കൂളിൽ ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് 20 ദിവസത്തിനകം വൈദ്യുതി കണക്ഷൻ നൽകുന്നതിനുളള നടപടികൾ സ്വീകരിക്കാൻ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോട് യോഗം നിർദേശിച്ചു.ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ ആവശ്യമായ 6.75 ലക്ഷം രൂപ കോർപ്പസ് ഫണ്ടിൽ നിന്നും അനുവദിക്കാമെന്ന് ഐ.ടി.ഡി.പി അധികൃതർ യോഗത്തെ അറിയിച്ചു. കടമാൻതോട് വിഷയത്തിൽ പഞ്ചായത്തുതല സർവ്വകക്ഷി യോഗങ്ങൾ വിളിച്ച് കൂട്ടിയതിന് ശേഷം പ്രാഥമിക സർവ്വേ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കാവേരി ഡിവിഷൻ അറിയിച്ചു.
ജില്ലയിലെ വനാതിർത്തിയിലൂടെ കടന്ന് പോകുന്ന റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി സംയുക്ത സർവ്വേ നടത്താനും ജില്ലാ വികസന സമിതി യോഗത്തിൽ ധാരണയായി. ജനുവരി 30 ന് സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത സർവ്വേ നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എം തങ്കച്ചൻ ആന്റണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ മാസ്റ്റർ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ, എം.പി പ്രതിനിധി കെ.എൽ പൗലോസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻച്ചാർജ് സുഭദ്രാ നായർ തുടങ്ങിയവർ പങ്കെടുത്തു.
(ചിത്രം)