കൽപ്പറ്റ: ഏറെ കാലമായുള്ള ആഗ്രഹം ഇന്ന് സാഫല്യമാകുന്നതിന്റെ സന്തോഷത്തിലാണ് ഗ്രാമഫോൺ ഷാഫി എന്നറിയപ്പെടുന്ന കോഴിക്കോട്ടുകാരൻ. മുഹമ്മദ് ഷാഫിയുടെ ഗ്രാമഫോൺ മ്യൂസിയവും റിസർച്ച് സെന്ററും ഇന്ന് വൈത്തിരി തളിപ്പുഴയിൽ പ്രവർത്തനമാരംഭിക്കും. സി.കെ ശശീന്ദ്രൻ എം.എൽ.എയാണ് മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. കല്ലായി സ്വദേശി മുഹമ്മദ് ഷാഫിയുടെ ശേഖരത്തിൽ ഇരുപത്തിയഞ്ച് തരം ഗ്രാമ ഫോണുകളുണ്ട്. വിവിധ ഭാഷകളിലുള്ള ഒരു ലക്ഷത്തിലേറെ പാട്ടുകൾ ഗ്രാമഫോൺ റെക്കോർഡുകളിലായി ശേഖരിച്ചു വെച്ചിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗം, ഇന്ദിരാഗാന്ധിയുടെ ലാൽകില പ്രസംഗം, ജവഹർ ലാൽ നെഹ്റുവിന്റെ ആദ്യ പാർലമെന്റ് പ്രസംഗം, ഗാന്ധിജിയുടെ പ്രസംഗങ്ങൾ, ആത്മീയ സന്ദേശങ്ങൾ, രവീന്ദ്രനാഥ് ടാഗോർ, അരവിന്ദോ തുടങ്ങിയവരുടെ പ്രസംഗങ്ങളെല്ലാം ഗ്രാമഫോൺ ശേഖരത്തിലുണ്ട്.
കുട്ടിക്കാലത്തു തുടങ്ങിയതാണ് മുഹമ്മദ് ഷാഫിക്ക് ഗ്രാമഫോണുകളോടുള്ള ഭ്രമം. വയനാട്ടിലെ കുന്നിക്കൽ പുരുഷോത്തമനായിരുന്നു മാർഗദർശി. പിന്നീട് ഗ്രാമഫോൺ റെക്കോർഡുകൾ തേടി രാജ്യം മുഴുവൻ അലഞ്ഞു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള ഗ്രാമഫോൺ റിപ്പയറിംഗിനും മറ്റുമായി മുഹമ്മദ് ഷാഫിയെ തേടിയെത്താറുണ്ട്. ഒരിക്കലും നന്നാക്കിയെടുക്കാൻ കഴിയില്ലെന്ന് കരുതിയ റെക്കോർഡുകൾ നന്നാക്കി കൊടുക്കുമ്പോൾ വലിയ സന്തോഷമാണ് അതുമായി എത്തിയവർക്കുണ്ടാവുകയെന്ന് ഷാഫി പറഞ്ഞു.
ഗ്രാമഫോൺ റെക്കോർഡുകൾക്ക് പുറമെ മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ഫാൻ, പഴയ റേഡിയോകൾ തുടങ്ങിയ വസ്തുക്കളും ഷാഫിയുടെ ശേഖരത്തിലുണ്ട്.
അഞ്ഞൂറ് സ്‌ക്വയർ ഫീറ്റിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നതെന്ന് മുഹമ്മദ് ഷാഫി, സുഹൃത്തുക്കളായ പി.ബി ശ്രീനിവാസൻ, കൊൽക്കത്തയിൽ നിന്നുള്ള മുഹമ്മദ് ഇയാസ്, എം.എ അഷ്‌റഫ് എന്നിവർ പറഞ്ഞു.