കൽപ്പറ്റ: മാനവ സംസ്‌കൃതി സംസ്ഥാന ക്യാംപ് ജനുവരി 31 മുതൽ ഫെബ്രുവരി രണ്ട് വരെ തിരുനെല്ലി ഡി.ടി.പി.സി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്യാംപിൽ നാനൂറോളം പ്രതിനിധികൾ പങ്കെടുക്കും.
സമ്മേളനം 31ന് മൂന്നരയ്ക്ക് എം.എം ഹസൻ ഉദ്ഘാടനം ചെയ്യും. മാനവസംസ്‌കൃതി സംസ്ഥാന ചെയർമാൻ പി.ടി തോമസ് എം എൽ എ അദ്ധ്യക്ഷനായിരിക്കും. എം.കെ രാഘവൻ എം പി, ഐ.സി ബാലകൃഷ്ണൻ എം എൽ എ, വി.വി പ്രകാശ് തുടങ്ങിയവർ സംബന്ധിക്കും. വൈകിട്ട് അഞ്ചരക്ക് മതേതരത്വത്തിന്റെ ഇന്ത്യൻ വർത്തമാനം എന്ന വിഷയത്തിൽ അഡ്വ. രശ്മിത രാമചന്ദ്രൻ സംസാരിക്കും. വൈകിട്ട് 6.45ന് ഉന്നതവിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയ അജണ്ടകൾ എന്ന വിഷയത്തിൽ ഡോ. കെ.എസ് മാധവൻ പ്രഭാഷണം നടത്തും. രാത്രി 9.30ന് റെജി ഗോപിനാഥിന്റെ വയലിൻ ഫ്യൂഷൻ കലാസന്ധ്യ അരങ്ങേറും.
ഫെബ്രുവരി ഒന്നിന് രാവിലെ ഒമ്പത് മണിക്ക് നവരാഷ്ട്രീയം പോരാട്ടവഴിയിലെ ഇന്ത്യൻ യുവത്വം എന്ന വിഷയത്തിൽ ഡോ. അജികുമാർ ജി സംസാരിക്കും. പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എം എൽ എ, കെ എം അഭിജിത്ത്, നാട്ടകം സുരേഷ്, ജ്യോതി വിജയകുമാർ, അഡ്വ. വിനോദ് സെൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ ജെ രഘു, ഡോ. ജോബിൻ ചാമക്കാല, എ.കെ ശശിധരൻ, എസ്.ജെ സജീവ്കുമാർ, ഡി.എം സുകുമാരൻ, ജി ഉണ്ണികൃഷ്ണൻ, ഡോ. പി സരിൻ, ജോൺ സാമുവൽ, പി പ്രഭാകരൻ, സുധീർ മോഹൻ, അനു എസ് നായർ, ദിലീപ് സേനാപതി എന്നിവർ പ്രഭാഷണം നടത്തും.
രാത്രി എട്ടിന് സ്വാതന്ത്ര്യസമരവും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന വിഷയത്തിൽ പ്രശോനോത്തരി നടക്കും. സമാപനദിവസമായ ഫെബ്രുവരി രണ്ടിന് ഡോ. സൗമ്യ സരിൻ, രമേഷ് കാവിൽ, ഡോ. പി.വി പുഷ്പജ എന്നിവർ സംസാരിക്കും. ഉച്ചക്ക് 12.30ന് നടക്കുന്ന സമാപനസമ്മേളനത്തിൽ കൈതപ്രം മുഖ്യാതിഥിയായിരിക്കും. പി ടി തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ലതികാ സുഭാഷ്, ടി സിദ്ദിഖ്, പി കെ ജയലക്ഷ്മി, പ്രതാപൻ തായാട്ട് എന്നിവർ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ മാനവസംസ്‌കൃതി ജില്ലാ ചെയർമാൻ കെ.ജെ മാണി, ജനറൽ കൺവീനർ വി.ഡി രാജു, വൈസ് ചെയർമാൻ ബേബി തുരുത്തിയിൽ, മാനന്തവാടി താലൂക്ക് ചെയർമാൻ ഇ.വി സജി ഇരട്ടമുണ്ടയ്ക്കൽ, കെ.ടി സ്‌കറിയ എന്നിവർ പങ്കെടുത്തു.